കാനഡയുടെ പശ്ചാത്തലത്തിൽ സീമ ശ്രീകുമാർ അണിയിച്ചൊരുക്കിയ റൊമാന്റിക്ക് സൈക്കോ ത്രില്ലർഒരു കനേഡിയൻ ഡയറി മികച്ച അഭിപ്രായങ്ങൾ നേടി രണ്ടാം വാരത്തിലേക്ക്. കാഞ്ഞങ്ങാടും, തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ തിയ്യറ്ററിലും ചിത്രത്തിന് ഹൗസ്ഫുൾ ഷോസ് ലഭിച്ചിരുന്നു. പോൾ പൗലോസ്, പൂജ മരിയ സെബാസ്റ്റ്യൻ, സിമ്രാൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഒരു കനേഡിയൻ ഡയറിക്ക് ഐഎംഡിബിയിൽ സമീപ കാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും കൂടുതൽ റേറ്റിങ്ങാണ് കരസ്ഥമാക്കിയത്.

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേ പോലെ ആസ്വദിപ്പിക്കുന്ന തരത്തിൽ ത്രില്ലർ മിസ്റ്ററി മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. വമ്പൻ താരങ്ങളുടെ ചിത്രങ്ങൾ സജീവമായി തീയ്യറ്ററിൽ തരംഗം സൃഷ്ടിക്കുന്നതിനിടയിലൂടെയാണ് പൂർണ്ണമായും നവാഗതരെ കോർത്തിണക്കി കൊണ്ട് ഒരു കനേഡിയൻ ഡയറി ബിഗ്‌സ്‌ക്രീനിലെത്തിയത്. എന്നിട്ടും മികച്ച പ്രേക്ഷക പ്രതികരണത്തോടെ വിജയകരമായി രണ്ടാം വാരത്തിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് ചിത്രം.

ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് എം വി ശ്രീകുമാറാണ്.