പാലാ: പനയ്ക്കപ്പാലത്ത് റോഡിന് ഓട നിർമ്മിച്ച് ജംഗ്ഷനു വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയുടെ ഭാഗമായ പനയ്ക്കപ്പാലം ഭാഗത്ത് ഓട നിർമ്മിച്ചു നവീകരണം നടത്തണമെന്നു നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ പനയ്ക്കപ്പാലത്ത് എത്തി നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നു ഓട നിർമ്മാണം നടത്തി ജംഗ്ഷൻ നവീകരിക്കാൻ തീരുമാനമായി. ബി സി ഓവർ ലേ ജോലികൾ ഈ ഭാഗത്തു പൂർത്തീകരിച്ചു വരികയാണ്. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സജി ജോസഫ്, ആർ പ്രേംജി, വിനോദ് വേരനാനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

രക്തദാനം മഹത്തരം: മാണി സി കാപ്പൻ

മേലുകാവ്: മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ് രക്തദാനമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മേലുകാവ് ഹെന്റി ബേക്കർ കോളജിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ, ലിയോ ക്ലബ്, ഹെന്റി ബേക്കർ കോളജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോളജ് പ്രിൻസിപ്പൽ ഡോ ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സിബി മാത്യു പ്ലാത്തോട്ടം, റവ. ബിജു ജോസഫ്, എൻ എസ് എസ് വോളന്റിയർ സെക്രട്ടി ബിബിൻ രാജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ഗിരീഷ്‌കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജസ്റ്റിൻ ജോസ്, ഡോ അൻസ ആൻഡ്രൂസ് എന്നിവരെ മാണി സി കാപ്പൻ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്നു നടന്ന ബോധവൽക്കരണ ക്ലാസ് അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ഷാജിമോൻ മാത്യു ഉദ്ഘാടനം ചെയ്തു. ഷിബു തെക്കേമറ്റം ക്ലാസെടുത്തു.