വാഷിങ്ടൻ ഡി സി: നിരവധി തവണ അവസരം നൽകിയിട്ടും വാക്സീൻ എടുക്കാതിരുന്ന 103 മറീനുകളെ ഡ്യൂട്ടിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി മറീൻ കോർപസ് അറിയിച്ചു. മിലിട്ടറി സർവീസിലുള്ള 30,000 ത്തിലധികം പേർ വാക്സിനേഷന് വിസമ്മതിച്ചതിനാൽ ഘട്ടം ഘട്ടമായി ഡിസ്ചാർജ് ചെയ്യാനാണ് പദ്ധതിയെന്ന് മിലിട്ടറി അധികൃതരും അറിയിച്ചിട്ടുണ്ട്.

യുഎസ് മിലിട്ടറിയിലെ എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്ന് ഓഗസ്റ്റിൽ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടിരുന്നു. ഉത്തരവിനു തൊട്ടടുത്തദിവസം വാക്സിനേഷൻ സ്വീകരിക്കേണ്ട അവസാന തീയതിയും പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ചു എയർഫോഴ്സിലെ 7365 പേരും, നേവിയിലെ 5472 പേരും വാക്സീൻ സ്വീകരിക്കാതിരിക്കുകയോ, വാക്സീൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിതരണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 1007 അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.