മുംബൈ: കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയായി പുതിയ വൈറസ് വകഭേദമായ ഓമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത. ഇതുവരെയും കോവിഡ് കേസുകൾ രാജ്യത്ത് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. ഇപ്പോൾ ഓമിക്രോൺ കേസുകളും ഏറ്റവുമധികം സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. അതിനാൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

നവി മുംബൈയിൽ ഒരു സ്‌കൂളിലെ 18 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂട്ട പരിശോധന നടത്താനാണ് ആരോഗ്യപ്രവർത്തകരുടെ തീരുമാനം. സ്‌കൂളിലെ വിദ്യാർത്ഥികളെ എല്ലാം ഇതനുസരിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.

ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഒരാളുടെ മകനാണ് ഇക്കൂട്ടത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗമെത്തിയതെന്ന് കരുതപ്പെടുന്നുണ്ട്.

വെള്ളിയാഴ്ച മാത്രം മഹാരാഷ്ട്രയിൽ 902 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ എട്ട് പേർക്ക് ഓമിക്രോൺ വൈറസ് ബാധയാണുള്ളത്. ഇതിൽ തന്നെ ആറ് കേസുകളും പുണെയിൽ നിന്നുള്ളതാണ്.