ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. മതനിന്ദ ആരോപിച്ച് കപൂർത്തലയിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തി. 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകമാണിത്. സിഖ് പതാകയെ അപമാനിച്ചുവെന്ന് പറഞ്ഞാണ് യുവാവിന് നേരെ ആക്രമണം നടന്നത്. ഗുരുദ്വാരയിൽ നിന്ന് പിടികൂടിയ യുവാവിനെയാണ് ആൾക്കൂട്ടം ആക്രമിച്ച് കൊന്നത്.

കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനേയും മതനിന്ദ ആരോപിച്ച് പഞ്ചാബിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. സുവർണക്ഷേത്രത്തിന് സമീപമാണ് സംഭവം അരങ്ങേറിയത്.

യുവാവിനെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. ജനങ്ങളുടെ മുന്നിൽ യുവാവിനെ ചോദ്യം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉണ്ടായ മൽപിടിത്തത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. വടി ഉപയോഗിച്ച് നാട്ടുകാർ യുവാവിനെ അടിച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സാക്ഷിമൊഴികൾ പ്രകാരം, വൈകുന്നേരത്തെ പ്രാർത്ഥനാ സമയത്ത് യുവാവ് സുവർണക്ഷേത്രത്തിനുള്ളിലെ വിശുദ്ധസ്ഥാനത്തേക്ക് തടസങ്ങൾ മറികടന്ന് ചാടിക്കയറിയെന്നും സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന വാൾ കൈക്കലാക്കാൻ ശ്രമിച്ചെന്നുമാണ് പറയുന്നത്.