കൊച്ചി: ഡീഗ്രേഡിംഗിലൂടെ മലയാളസിനിമയെ തന്നെ കൊല്ലുകയാണെന്ന് മോഹൻലാൽ. അമ്മയുടെ പുതിയ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മരക്കാറിനെതിരെ ഉയർന്ന ഡീഗ്രേഡിംഗിനെതിരെ മോഹൻലാൽ പ്രതികരിച്ചത്.

'ഡീഗ്രേഡിങ് ചെയ്യുന്നത് ആരാണെന്ന് നമുക്ക് അറിയില്ലലോ? ഇതുപോലുള്ള സിനിമകൾ വന്നാലേ സിനിമയുടെ വീൽ മുന്നോട്ട് ചലിക്കൂ. അമ്മയ്ക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും ചെയ്യാൻ പറ്റില്ല. തികച്ചും വ്യത്യസ്തമായ കാര്യമാണിത്.

സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ നല്ലതെന്ന് പറയാം മോശമാണെങ്കിൽ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്‌ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിങ് ഉണ്ടായി. അത് ഈ സിനിമയ്ക്ക് മാത്രമല്ല ഒരുപാട് സിനിമയ്ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇൻഡസ്ട്രിയെ കൊല്ലുകയാണ്. സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്,' മോഹൻലാൽ പറഞ്ഞു.