ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ചോർത്തിയ ഫോൺ സംഭാഷണം എല്ലാ ദിവസവും വൈകുന്നേരം യോഗി ആദിത്യനാഥ് കേൾക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു.

'ഉപയോഗമില്ലാത്ത മുഖ്യമന്ത്രി' (അനുപയോഗി) എന്നാണ് അഖിലേഷ് യാദവ് യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ചത്. 'യുപി + യോഗി = ഉപയോഗി' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് 'അനുപയോഗി' പ്രയോഗവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.

ഞങ്ങളുടെ എല്ലാവരുടേയും ഫോൺ സംഭാഷണങ്ങൾ യോഗി ആദിത്യനാഥ് കേട്ടു കൊണ്ടിരിക്കുകയാണ്. ചിലരുടെ സംഭാഷണങ്ങൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഈ 'അനുപയോഗി' മുഖ്യമന്ത്രി കേൾക്കുന്നു. സമാജ് വാദി പാർട്ടി നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ഇൻകം ടാക്‌സ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് അഖിലേഷ് യാദവ് ആരോപണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് യോഗി സർക്കാർ വാട്‌സാപ്പ് സർവകലാശാല നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി കോൺഗ്രസിന്റെ പാതയാണ് പിന്തുടരുന്നത്. കോൺഗ്രസിനെ പോലെത്തന്നെ ബിജെപി കേന്ദ്ര ഏജൻസികളെ വിട്ട് എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി. 2022-ൽ ഒരു യോഗ്യതയുള്ള സർക്കാർ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് ജനങ്ങൾ മനസ്സിലുറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്ക് നേരെ വാഹനം ഓടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.