റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയിൽ ഒരാഴ്ചക്കിടയിൽ 15,088 പേരെ പിടികൂടി. ഡിസംബർ ഒമ്പത് മുതൽ 15 വരെയുള്ള കാലയളവിൽ 7,508 പേർ താമസ നിയമ നിയമലംഘനത്തിന് പിടിയിലായി.

5,730 പേർ അതിർത്തി നിയമലംഘകരും, 1,850 പേർ തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 454 പേരെ അറസ്റ്റ് ചെയ്തതിൽ 34 ശതമാനം യെമൻ പൗരന്മാർ, 59 ശതമാനം എത്യോപ്യക്കാർ, 7 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെയാണ്. 21 പേർ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത 16 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു ദശലക്ഷം റിയാൽ വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.