തിരുവനന്തപുരം: കുടുംബശ്രീ ത്രിതല സംവിധാനത്തിലേക്കുള്ള സംസ്ഥാനതല തിരഞ്ഞെടുപ്പ് ജനുവരി 7 മുതൽ 25 വരെ നടത്തും. 1065 കമ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികൾ (സിഡിഎസ്) 19,489 ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികൾ (എഡിഎസ്), 2,94,436 അയൽക്കൂട്ടങ്ങൾ എന്നിങ്ങനെ മൂന്നു തലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. മാർഗനിർദേശങ്ങൾ സർക്കാർ ഉത്തരവായി ഇറക്കി.

നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വർഷം ജനുവരി 26ന് അവസാനിച്ചിരുന്നു. അയൽക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 7 മുതൽ 13 വരെയും എഡിഎസുകളിലേക്ക് 16 മുതൽ 21 വരെയും നടത്തും. സിഡിഎസ് തിരഞ്ഞെടുപ്പ് 25നാണ്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയൽക്കൂട്ടങ്ങൾ, 133 ഊരുസമിതികൾ, 4 പഞ്ചായത്ത് സമിതികൾ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഇതേ ദിവസങ്ങളിൽ നടക്കും.

ഓരോ അയൽക്കൂട്ടത്തിനും 5 ഭാരവാഹികൾ വരും. മൊത്തം 14,72,180 പേർ. ഓരോ എഡിഎസിനും 11 ഭാരവാഹികൾ; മൊത്തം 2,14,379 പേർ. ഓരോ സിഡിഎസിനും ചെയർപഴ്‌സനെയും തിരഞ്ഞെടുക്കും. ജനുവരി 26നു പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.കലക്ടർമാർക്കാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതല. 14 ജില്ലകളിലും വരണാധികാരികളെ തിരഞ്ഞെടുത്തിട്ടുണ്ട്.