- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് സീറോ മലബാർ സഭയിൽ വി. യൗസേപ്പിതാവിന്റെ വർഷാചരണത്തിനു ഭക്തിനിർഭരമായ സമാപനം
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനാ പരിപാടി 'സാദര' ത്തിന്റെ സമാപനം 'പാട്രിസ് കോർദേ 'പിതൃഹൃദയത്തോടെ- സൂം മീറ്റിംഗിലൂടെ നടന്നു. അയർലണ്ട് നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തിൽ മാതൃക ആക്കണമെന്ന് ബിഷപ്പ് ഉത്‌ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിന്റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങൾക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെ പിതാവ് തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
സീറോ മലബാർ ചർച്ച് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമന്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകർമ്മങ്ങൾക്കും റവ. ഡോ. ജോസഫ് കറുകയിൽ കാർമ്മികനായിരുന്നു.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണൽ പ്രസിഡന്റ് തോംസൺ തോമസ്, വൈസ് പ്രഡിഡന്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാൻസിസ് ജോസഫ് എന്നിവർ സംസാരിച്ചു.
വടക്കൻ അയർലൻഡിലേയും റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും വിവിധ കുർബാന സെന്ററുകളിൽനിന്ന് നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2021 വർഷം യൗസേപ്പിതാവിനു സമർപ്പിച്ചു. 'പാട്രിസ് കോർഡ്' എന്നപേരിൽ അപ്പസ്‌തോലിക കത്തും മാർപാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2020 ഡിസംബർ 8 മുതൽ ആരംഭിച്ച യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയർലണ്ട് സീറോ മലബാർ സഭയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് 'സാദരം' എന്നപേരിൽ സംഘടിപ്പിച്ച സൂം കൂട്ടായ്മയിൽ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാർത്ഥനകളും നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിലധികം വൈദീകർ 'സാദരം' പരിപാടിയിൽ പങ്കെടുത്ത് സന്ദേശം നൽകി.