ഹിന്ദു ആചാരപ്രകാരമുള്ള ശവസംസ്‌കാര ചടങ്ങുകൾ നടത്താൻ സാധിക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ ശ്മശാനം പ്രവർത്തനം ആരംഭിക്കുകയാണ്. തെക്കൻ ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷയറിലാണ് ഇത് ആരംഭിക്കുന്നത്. അനൂപം മിഷൻ യു കെ എന്ന സന്നദ്ധ സംഘടന, അവരുടെ ക്ഷേത്രത്തിനും കമ്മ്യുണിറ്റി സെന്ററിനും അടുത്തായി ശ്മശാനം നിർമ്മിക്കാൻ നൽകിയ അപ്പീലിൽ അനുകൂലമായ വിധി വന്നതോടെയാണ് ഇത് ആരംഭിക്കുവാനുള്ള ശ്രമം ആരംഭിച്ചത്.

ഇക്കഴിഞ്ഞ ഡിസംബർ 16 ന് അനൂപം മിഷൻ യു കെയ്ക്ക് ഇതു സംബന്ധിച്ച അനുമതി രാജ്യത്തിന്റെ പ്ലാനിങ് ഇൻസ്പെക്ടറേറ്റ് നൽകി. ഇതോടെ ഡെൻഹാമിലെ സ്ഥലത്ത് ജൈവ വൈവിധ്യങ്ങളും, അനുബന്ധ സൗകര്യങ്ങളുമായി ശ്മശാനം പണിയുവാനുള്ള പൂർണ്ണ അനുമതിയാണ് സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. സംഘടനയുടെ കീഴിലുള്ള സ്വാമി നാരായൺ ക്ഷേത്രത്തിനടുത്തായി, വെസ്റ്റേൺ അവെന്യൂവിലായിരിക്കും ഇത് വരിക. വിവിധ ഹിന്ദു സമുദായങ്ങൾക്കൊപ്പം ജൈനമതത്തിൽ പെട്ടവർക്കും സിക്ക് മതത്തിൽ പെട്ടവർക്കും അവരുടെ ആചാരമനുസരിച്ച് മൃതദേഹം സംസ്‌കരിക്കുവനുള്ള സൗകര്യം ഇവിടെ ലഭ്യമാക്കും.

ബ്രിട്ടനിലെ തന്നെ ഹിന്ദു സമുദായങ്ങൾക്ക് പ്രത്യേകമായുള്ള ആദ്യത്തെ ശ്മശാനമാണിത്. ഇൻസ്പെക്ടറേറ്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനൂപം മിഷനിലെ ആത്മീയാചാര്യൻ പരം പൂജ്യ സഹേബ്ജി അറിയിച്ചു. ബ്രിട്ടനിലെ അനേകായിരം വരുന്ന ഹിന്ദുക്കളുടേ അന്തിമകർമ്മങ്ങൾ അവരുടെ സംസ്‌കാരത്തിനും ആചാരത്തിനും അനുസരിച്ച് നിർവ്വഹിക്കുവാനുള്ള സൗകര്യമൊരുക്കുക എന്നതാണ് മിഷന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ഏറെ ആശ്വസവും സമാധാനവും നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്നദാന വേദി ഉൾപ്പടെയാണ് ശ്മശാനം രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് കാത്തിരിപ്പുമുറികളും, കർമ്മങ്ങൾ ചെയ്യുവാനായി രണ്ട് പ്രത്യേക മുറികളും ഇവിടെ ഉണ്ടായിരിക്കും.സംസ്‌കാരത്തിനു ശേഷമുള്ള കർമ്മങ്ങളായിരിക്കും ഈ മുറികളിൽ നടത്തുക. അതോടൊപ്പം കുളിമുറികളും കാന്റീനും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള കാർ പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് മിഷൻ വക്താവ് അറിയിച്ചു.