അൽകോബാർ: മുപ്പതു വർഷങ്ങൾ പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം തുഗ്ബ അസീസിയ യൂണിറ്റ് രക്ഷാധികാരി മുഹമ്മദ് കുഞ്ഞിന് നവയുഗം സാംസ്കാരികവേദി ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം തുഗ്ബ മേഖല ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച്, നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുകുമാർ മുഹമ്മദ് കുഞ്ഞിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

നവയുഗം അസീസിയ യൂണിറ്റ് പ്രസിഡന്റ് രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ്, തുഗ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവയുഗം അസീസിയ യൂണിറ്റ് സെക്രട്ടറി പ്രദീഷ് സ്വാഗതവും, യൂണിറ്റ് കമ്മിറ്റിഅംഗം രാജേഷ് നന്ദിയും പറഞ്ഞു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് കുഞ്ഞ് 1990 ലാണ് പ്രവാസിയായി സൗദി അറേബ്യയിൽ എത്തിയത്. സൗദി അറേബ്യയുടെ വളർച്ചയും, സാമൂഹികമാറ്റങ്ങളും കണ്ട മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട അദ്ദേഹം പല സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 13 വർഷമായി അസീസിയയിലുള്ള ഡോണട്ട് പാലസ് എന്ന സ്ഥാപനത്തിൽ വാൻ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം അസീസിയ യൂണിറ്റ് രക്ഷാധികാരി എന്ന നിലയിൽ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തെ, വാർദ്ധക്യസംബന്ധമായ അനാരോഗ്യമാണ് പ്രവാസം അവസാനിപ്പിച്ച് വിശ്രമജീവിതത്തിന് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.