ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപിൽ, പ്രമുഖ ബഹുരാഷ്ട്ര കൺസ്യൂമർ ഗുഡ്‌സ് കമ്പനിയായ യൂണിലിവറിലെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ചില്ലറ വ്യാപാര രംഗത്തെ മുൻനിര കമ്പനികളുമായുള്ള പങ്കാളിത്തം ശക്തമാക്കാനും അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അവർ പിന്തുടരുന്ന അത്യാധുനിക പ്രവർത്തന രീതിയും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനുമുള്ള യൂണിയൻകോപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലൻ ജോപ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിതിൻ പരൻജ്‌പെ, യൂണിലിവർ അറേബ്യ, മിഡിൽഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക, റഷ്യൻ, ഉക്രൈൻ, ബെലറസ്, തുർക്കി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് കക്കർ എന്നിവരാണ് യൂണിയൻകോപ് സന്ദർശിച്ചത്. ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹാരിബ് മുഹമ്മദ് ബിൻ താനി, ട്രേഡിങ് ഡിവിഷൻ ഡയറക്ടർ മാജിറുദ്ദീൻ ഖാൻ, ട്രേഡ് ഡെവലപ്‌മെന്റ് സെക്ഷൻ മാനേജർ സന ഗുൽ എന്നിവർ യൂണിലിവർ പ്രതിനിധികളെ സ്വീകരിച്ചു. രണ്ട് സ്ഥാപനങ്ങളിലെയും ജീവനക്കാരും സന്നിഹിതരായിരുന്നു.

ഹാരിബ് മുഹമ്മദ് ബിൻ താനി, മാജിറുദ്ദീൻ ഖാൻ എന്നിവർ ചേർന്ന് യൂണിലിവർ സംഘത്തിന് ഹെസ്സ സ്ട്രീറ്റ് ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. യൂണിയൻകോപ് ഉപഭോക്താക്കൾക്ക് നൽകുന്ന പ്രധാന സേവനങ്ങൾ, ഭക്ഷ്യ വിപണനം, ഡെലിവറി, കസ്റ്റമർ ഹാപ്പിനസ് സേവനങ്ങൾ എന്നിവയിലെ അന്താരാഷ്ട്ര നിലവാരം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, വിപുലീകരണ പദ്ധതികൾ, ചില്ലറ വിപണന രംഗത്ത് ഏറ്റവും മികച്ച കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായി മാറാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ സങ്കേതങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നതിന് യൂണിയൻകോപ് സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ സംവിധാനങ്ങളും ചില്ലറ വിപണന രംഗത്ത് യൂണിയൻകോപ് പിന്തുടരുന്ന സംസ്‌കാരവുമെല്ലാം യൂണിലിവർ സംഘത്തിന് വിശദീകരിച്ചു നൽകി. സമീപഭാവിയിൽ ഇരു സ്ഥാപനങ്ങൾക്കുമിടയിലെ വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കുള്ള വഴികളും ചർച്ച ചെയ്തു.

തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് യൂണിയൻകോപിനോടും അതിന്റെ മികച്ച ടീമീനോടും നന്ദി അറിയിക്കുന്നതായി യൂണിലിവർ സിഇഒ അലൻ ജോപ് പറഞ്ഞു. ചില്ലറ വിപണന രംഗത്തെ നിലവാരം പരിശോധിക്കുമ്പോൾ യൂണിയൻകോപ് അതിന്റെ പ്രശസ്തിക്ക് യോജിച്ച തരത്തിലാണ് പ്രവർത്തിക്കുന്നത്. യൂണിയൻകോപുമായി ദീർഘനാൾ നിലനിൽക്കുന്ന സുപ്രധാന പങ്കാളിത്തമുണ്ടാക്കാൻ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വിപണന രംഗത്തും ശാഖകളുടെ പ്രവർത്തനങ്ങളിലും അന്താരാഷ്ട്ര നിലവാരവും ഡിസൈനുകളും കാത്തുസൂക്ഷിക്കുന്ന യൂണിയൻകോപിനെ അദ്ദേഹം പ്രശംസിച്ചു. വർക്ക് ആൻഡ് ഡെലിവറി മെക്കാനിസം, വ്യാപാര രംഗത്ത് നടപ്പാക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾ, ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ ഷോറൂമുകളിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന രീതി എന്നിവയെയെല്ലാം അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.