വാഷിങ്ടൺ: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുവാൻ ബൈഡൻ ഭരണകൂടത്തിനു കഴിഞ്ഞുവെങ്കിലും, മാരകമായ ഡെൽറ്റാ, ഓമിക്രോൺ വേരിയന്റിന്റെ ആഗമനത്തെ മുൻകൂട്ടി കണ്ടെത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് കമല ഹാരീസ്.

ഡെൽറ്റാ, ഓമിക്രോൺ ഇതിനകം തന്നെ അമേരിക്കയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഓമിക്രോൺ മറ്റേത് വേരിയന്റിനെക്കാളും അതിമാരകമാണെന്നും കമല അഭിപ്രായപ്പെട്ടു. ഡിസംബർ 17 വെള്ളിയാഴ്ച ലോസ് ആഞ്ചലസ് ടൈംസിനു അനുവദിച്ച അനുവദിച്ച അഭിമുഖത്തിലാണ് അവർ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.

അമേരിക്കയിലെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇതു കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നു മാത്രമല്ല, ഇപ്പോൾ ആരുടെ ഉപദേശത്തിനാണ് ഭരണകൂടം ഊന്നൽ നൽകേണ്ടതെന്നു വ്യക്തമല്ലെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

വൈറസിനുമേൽ വിജയം നേടിയെന്ന ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപനം അപക്വവും, അനവസരത്തിലുള്ളതായിരുന്നുവെന്ന ആരോപണം കമല തള്ളി. ജൂലൈ നാലിനു ഭരണകൂടം നടത്തിയ പ്രഖ്യാപനം, വൈറസ് പൂർണ്ണമായും അപ്രത്യക്ഷമായിട്ടില്ല, എന്നാൽ നമ്മുടെ ജീവിതത്തെ ഇനിമേൽ വൈറസിനു നിയന്ത്രിക്കാനാവില്ല, രാജ്യത്തിന്റെ വീര്യം തളർത്തുന്നതിനും അതിനായില്ല എന്നായിരുന്നുവെന്നും കമല ഹാരീസ് കൂട്ടിച്ചേർത്തു.

അടുത്ത പ്രസിഡന്റ് ഹാരിസ് ആകുമെന്ന കാഴ്ചപ്പാട് ഇപ്പോൾ പാടേ മാറിയെന്നും, ഡമോക്രാറ്റിക് പാർട്ടി ബൈഡൻ ഇനിയും മത്സരിക്കുന്നില്ലെങ്കിൽ പകരം മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള അണിയറ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.