ഡാളസ് : ഡാളസ്സിൽ ഡിസംബർ 15 ബുധനാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നെവിയ ഫോസ്റ്റർ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ടൈറൻ ഡേവിസിനെ (22) ഡാളസ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു .

ഡാളസ് സൗത്ത് മെറിഫീൽഡ് റോഡിലാണ് ബുധനാഴ്ച രാവിലെ നെവിയ ഫോസ്റ്ററുടെ മൃതദേഹം നിരവധി വെടിയുണ്ടകൾ ഏറ്റു കൊല്ലപ്പെട്ട നിലയിൽ കിടന്നിരുന്നത് ഡാളസ് ഫയർ റസ്‌ക്യൂവാണ് മൃതദേഹം കണ്ടെത്തിയത് .

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു മൈൽ അകലെയുള്ള അപ്പാർട്ട്മെന്റിലാണ് നെവിയ മാതാവിനൊപ്പം താമസിച്ചിരുന്നത് .

മാനസിക വൈകല്യമുള്ള മകൾ ഇടയ്ക്കിടെ വീട്ടിൽ നിന്നും അപ്രത്യക്ഷമാകുക പതിവായിരുന്നെന്നും എന്നാൽ രാത്രിയോടെ തിരിച്ച് എത്താറുണ്ടെന്നും മാതാവ് പറഞ്ഞു . എന്റെ മകൾ ഒരിക്കലും ഇങ്ങനെ മരിക്കേണ്ടവളല്ല , മാതാവ് പറഞ്ഞു . സംഭവ ദിവസം രാത്രി വൈകിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത് .

ഡേവിസിനെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല .

അറസ്റ്റ് ചെയ്ത യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട് . ഡാളസ് ജയിലിൽ അടക്കപ്പെട്ട പ്രതിക്ക് ഒരു മില്യൺ ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട് .

2018 ൽ കാർ ഡീലർഷിപ്പിൽ അക്രമം ഉണ്ടാക്കി 15000 ഡോളർ നഷ്ടമുണ്ടാക്കിയ കേസിൽ കഴിഞ്ഞവർഷം പ്രൊബേഷനിൽ കഴിഞ്ഞിരുന്ന പ്രതിയുടെ കാലാവധി നവംബർ 23 നായിരുന്നു അവസാനിച്ചത് .