- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരങ്ങൾക്കെതിരെ കള്ളക്കേസ്: നിയമ സംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യം; പൊലീസിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: നൂറനാട് സഹോദരങ്ങളായ യുവാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ സംഭവം ഗൗരവതരമെന്ന് ഹൈക്കോടതി. ജാമ്യം ലഭിക്കാതിരിക്കാൻ ഒരു കുറ്റം ചുമത്തുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കലാണ്. സംഭവത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസ് ഇനി ബുധനാഴ്ച പരിഗണിക്കും.
കോട്ടയം സ്വദേശികളായ ഷാൻ മോൻ, സജിൻ റജീബ് എന്നിവരാണ് പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സിവിൽ തർക്കത്തിന്റെ പേരിൽ ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ തങ്ങളെ സ്റ്റേഷൻ എസ്‌ഐ അരുൺ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്നാണ് പരാതി.
ഡിസംബർ എട്ടിനാണ് സംഭവം നടന്നത്. എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഇവർക്കെതിരെ കേസെടുത്ത് ജയിലിൽ അടച്ചിരുന്നു. പൊലീസ് കള്ളക്കേസ് സൃഷ്ടിച്ചതിന്റെ ശബ്ദ രേഖയും പുറത്തു വന്നിരുന്നു. നൂറനാട് എസ്‌ഐ അരുണിനും നാലു പൊലീസുകാർക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സിവിൽ കേസിന്റെ പേരിൽ നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാക്കൾക്കെതിരേയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തത്. യുവാക്കൾ പൊലീസിനെ കൈയേറ്റം ചെയ്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവാക്കൾക്ക് ജാമ്യം നിഷേധിക്കുകയും ജയിലിലാവുകയും ചെയ്തു.
എന്നാൽ തങ്ങൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് കള്ളക്കേസെടുത്തെന്നായിരുന്നു യുവാക്കളുടെ വാദം. ഇതിന് തെളിവായി പൊലീസ് സ്റ്റേഷനിൽനിന്ന് റെക്കോഡ് ചെയ്ത ചില വീഡിയോകളും ഇവർ പുറത്തുവിട്ടിരുന്നു. തുടർന്നാണ് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. തെളിവായ വീഡിയോദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ