ഡാളസ്: രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും, നിരവധി കാർമേഘപടലങ്ങൾ രാഷ്ട്രത്തിനു മുകളിൽ കരിനിഴൽ പരത്തിയിരിക്കുകയാണെന്നും മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ഡിസംബർ 19-നു ഞായറാഴ്ച നടന്ന വർഷിപ്പ് സർവീസിൽ ക്രിസ്മസ് സന്ദേശം നൽകുന്നതിനിടെയാണ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അതിർത്തി സുരക്ഷ, ക്രമാതീത വിലക്കയറ്റം, ഗ്യാസിന്റെ വില വർധനവ്, അഫ്ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിക്കൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ രാഷ്ട്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ താറുമാറാക്കിയിരിക്കുന്നു.

യുഎസ് മിലിട്ടറി, പൊലീസ് എന്നിവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിനും, സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമ പ്രവർത്തനങ്ങളെ നേരിടുന്നതിൽ ഇവർ വഹിക്കുന്ന പങ്കിനെ ആദരിക്കേണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇത്തരം സാഹചര്യങ്ങളിൽ നിന്നും ശക്തമായ ഒരു തിരിച്ചുവരവുണ്ടാകുമെന്നു ട്രംപ് പ്രവചിച്ചു. നമ്മുടെ രാഷ്ട്രത്തിന് ഒരു രക്ഷിതാവ് ആവശ്യമാണ്. ഇപ്പോൾ ഒരു രക്ഷിതാവുണ്ട്. അത് ഞാനല്ല, എല്ലാവരിലും ഉയർന്നവനാണ്- ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ട്രംപ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

'വി ആർ ഗോയിങ് ടു അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന് ആശംസിച്ചുകൊണ്ടാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഇതോടെ ആരാധനയ്ക്കായി എത്തിച്ചേർന്നവർ 'യുഎസ്എ യു.എസ്എ' എന്ന് എഴുന്നേറ്റ് നിന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ട്രംപിനൊപ്പം മെലാനിയ ആരാധനയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അടുത്ത സന്ദേശത്തിൽ അവർ ഒപ്പമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.