ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

28കാരിയായ ഗോമതി എന്ന യുവതിയാണ് യൂ ട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാൻ ശ്രമിച്ചത്. ഭർത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു സംഭവം. സഹോദരിയുടെ സഹായവും ഇവർക്ക് ലഭിച്ചു. ഡിസംബർ 13നായിരുന്നു ഡോക്ടർമാർ ഇവർക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാൽ ഇവർ ആശുപത്രിയിൽ പോകാതെ വീട്ടിൽ വിശ്രമിച്ചു.

ശനിയാഴ്ച യുവതിക്ക് പ്രസവ വേദന തുടങ്ങി. എന്നാൽ ആശുപത്രിയിൽ പോകാതെ യൂ ട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ലോകനാഥന്റെയും ഗോമതിയുടെയും തീരുമാനം. സഹായത്തിനായി ഗോമതി സഹോദരിയെയും വിളിച്ചു. എന്നാൽ ഇവർക്ക് കാര്യങ്ങൾ നിയന്ത്രിക്കാനായില്ല.

പ്രസവിച്ചയുടനെ കുഞ്ഞ് മരിക്കുകയും യുവതി അബോധാവസ്ഥായിലാകുകയും ചെയ്തു. യുവതി നിലവിൽ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.