- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടുപേരെ വെട്ടി; പത്തിലധികം വാഹനങ്ങൾ തകർത്തു; ഒരാളെ പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങൾ തകർത്തു. ആക്രമണത്തിനിടെ രണ്ടു പേർക്കു പരുക്കേറ്റു. അക്രമം നടത്തിയവരിൽ ഒരാളെ പൊലീസ് പിടികൂടി. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം നടന്നത്.
ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെയാണ് നരുവാമൂട് സ്വദേശി മിഥുനെ പൊലീസ് പിടികൂടിയത്. പ്രതി ലഹരിക്കടമയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പൊലീസ് അറിയിച്ചു. ഒൻപത് മാസം മുൻപും മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ മിഥുൻ ഇതേ രീതിയിൽ ആക്രമണം നടത്തിയിരുന്നു.
ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രണം നടത്തിയത്. നിർത്തിയിട്ടിരുന്ന 9 ലോറി, 3 കാർ, നാല് ബൈക്ക് എന്നിവ വാൾകൊണ്ട് വെട്ടി തകർത്തു. എരുത്താവൂർ സ്വദേശിയായ അനുവിന്റെ കടയുടെ മുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറും പൂർണമായി അടിച്ചു തകർത്തു. കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റു പരിക്കുപറ്റിയത്.
പരിഭ്രാന്തരായ നാട്ടുകാർ ബാലരാമപുരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇവരെ പിന്തുടർന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയിലാണ് മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ