മുംബൈ: അപകടത്തിൽപ്പെട്ട സുഹൃത്തിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച മുംബൈ പൊലീസിലെ ട്രാഫിക് പൊലീസുകാരന് നന്ദി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. നിങ്ങളെപ്പോലെയുള്ളവരുള്ളതുകൊണ്ട് ഈ ലോകം മനോഹരമാണ് എന്നാണ് സച്ചിൻ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്. 

നവംബർ 30-നാണ് സച്ചിന്റെ സുഹൃത്തിന് അപകടം സംഭവിച്ചത്. നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തു. ട്രാഫിക് പൊലീസുകാരൻ, കൃത്യസമയത്ത് യുവതിയെ നാനാവതി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അപകടത്തിൽ നട്ടെല്ലിനാണ് പരിക്കേറ്റത്. എന്നാൽ ആശുപത്രിയിലെത്തിക്കാനുള്ള യാത്രയിൽ കൂടുതൽ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിച്ചതിനേയും സച്ചിൻ പ്രത്യേകം പരാമർശിച്ചു. സച്ചിന്റെ സുഹൃത്ത് യാത്ര ചെയ്ത ഓട്ടോറിക്ഷയിൽ ഒരു വലിയ വാഹനം ഇടിക്കുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് ദുംസേ എന്ന പൊലീസുകാരനാണ് സഹായത്തിന് ഓടിയെത്തിയത്. പരിക്കേറ്റ സ്ത്രീയുടെ ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ ഭർത്താവ് വിളിച്ച് ആരോഗ്യം മെച്ചപ്പെട്ട കാര്യം അറിയിച്ചുവെന്നും ദുംസേ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം സച്ചിൻ തെണ്ടുൽക്കർ തന്നെ നേരിട്ട് വന്ന് കണ്ട് നന്ദിയും അഭിനന്ദനവും അറിയിച്ചുവെന്നും ദുംസേ പറഞ്ഞു. എന്നാൽ ഇക്കാര്യം താൻ ആരേയും അറിയിച്ചില്ലെന്നും ചെയ്തത് ഡ്യൂട്ടിയാണെന്ന ബോധ്യമുണ്ടായിരുന്നതിനാലാണ് ആരോടും പറയാതിരുന്നതെന്നും ദുംസേ കൂട്ടിച്ചേർത്തു. സച്ചിനെ പോലെ ഒരാൾ അഭിനന്ദിച്ചതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.