മസ്‌കത്ത്: ഒമാനിൽ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയ പരിധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി കുറച്ചു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർക്ക് ചൊവ്വാഴ്ച മുതൽ ബൂസ്റ്റർ ഡോസ് എടുക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയംപുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

വാക്‌സിൻ സ്വീകരിച്ച് മാസങ്ങൾ കഴിയുന്നതോടെ അതിന്റെ ഫലപ്രാപ്തി കുറയുമെന്നും അതുകൊണ്ടുതന്നെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയതായി കണ്ടെത്തിയ ഓമിക്രോൺ വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ, നിലവിലുള്ള ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളുടേതിനാക്കൾ കടുത്തതാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ച വാക്‌സിനല്ലാതെ മറ്റൊരു വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുമെന്നും രാജ്യത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഒമാനിൽ ഇതുവരെ രണ്ട് ഓമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പ്രവാസികൾക്ക് ഓൾഡ് മസ്‌കത്ത് എയർപോർട്ട് ബിൽഡിങിൽ നിന്ന് പ്രവൃത്തി സമയങ്ങളിൽ വാക്‌സിന്റെ ഒന്നാം ഡോസോ രണ്ടാം ഡോസോ സ്വീകരിക്കാം. അൽ ഖുവൈർ, അമീറത്, മസ്‌കത്ത്, ഖുറിയത്ത് എന്നിവടങ്ങളിലെ ഹെൽത്ത് സെന്ററുകളിൽ നിന്ന് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയങ്ങളിലും വാക്‌സിൻ സ്വീകരിക്കാം.