ഹൈന്ദവ വിശ്വാസപ്രകാരം ദൈവങ്ങളുടെ ഇരിപ്പിടമാണ് ഹിമാലയ പർവ്വതം. ഈ പുണ്യ പർവ്വതത്തിലാണ് ഋഷികൾ ഏറേയും തപസ്സ് ചെയ്യാൻ ഇഷ്ട്പ്പെട്ടിരുന്നതും. വിശ്വാസങ്ങൾക്കപ്പുറവും ഹിമാലയത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി ഈ പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് പടിഞ്ഞാറ് ഒരു കോട്ടകെട്ടി ഭാരതത്തിന്റെ അളവുകോൽ പോലെ പരിലസിക്കുകയാണ് ഹിമാലയം എന്നാണ് കാളിദാസൻ വർണ്ണിച്ചിരിക്കുന്നത്. ഈ ഹിമാലയമാണ് ഇപ്പോൾ നാശത്തിനെ അഭിമുഖീകരിക്കുന്നത്.

ഹിമാലയൻ മഞ്ഞുപാളികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകർ കണ്ടെത്തിയത് അടുത്ത കുറച്ച് വർഷങ്ങളായി, ഈ മഞ്ഞുപാളികൾ പതിറ്റാണ്ടുകൾക്ക് ഉരുകിയിരുന്നതിലും പത്തിരട്ടി വേഗതയിൽ ഉരുകിക്കൊണ്ടിരിക്കുന്നു എന്നാണ്. പതിനാലാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും ഇടയിലുള്ള ലഘുമഞ്ഞുയുഗം എന്ന് വിളിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ ഈ മഞ്ഞുപാളികൾ കൂടുതൽ വിപുലമായിരുന്നു. ഇത് ഉരുകി ഒലിക്കുവാൻ ആരംഭിച്ചു. ഇതിന്റെ ഫലമായി നദികൾ പലതിലും വെള്ളം ഉറഞ്ഞുകൂടി ഘനീഭവിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ഇത് കടുത്ത ജലക്ഷാമത്തിന് വഴിതെളിക്കുകയും കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള മഞ്ഞുപാളികളേക്കാൾ വേഗത്തിലാണ് ഹിമാലയൻ മഞ്ഞുപാളികൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് സമുദ്രത്തിലെ ജലനിരപ്പ് ഉയർത്തുന്നതായും പഠനത്തിൽ വെളിപ്പെട്ടു. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയുൾപ്പടെയുള്ള ഹിമാലയൻ നദികളെഭക്ഷണത്തിനും ഊർജ്ജത്തിനുമായി ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ ഇത് ദുരിതത്തിലാഴ്‌ത്തുമെന്നും പഠനം വെളിപ്പെടുത്തുന്നു.

ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മഞ്ഞുപാളിയായ ഹിമാലയൻ നിരകളെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്. അന്റാർട്ടിക്കയ്ക്കും ആർട്ടിക്ക് മേക്ഖലയ്ക്കും ശേഷം ലോകത്ത് ഏറ്റവും അധികം മഞ്ഞുകൂടിക്കിടക്കുന്നത് ഇവിടെയാണ്. പഠനത്തിനു നേതൃത്വം നൽകിയ യൂണീവേഴ്സിറ്റി ഓഫ് ഡൺഡിയിലെ ജ്യോഗ്രഫി ആൻഡ് എൻവിറോൺമെന്റൽ സയൻസ് വിഭാഗത്തിലെ മുതിർന്ന അദ്ധ്യാപകനായ ഡോ. സൈമൺ മ്കുക്ക് പറയുന്നത് ഹിമാലയൻ മേഖലയിൽ അധിവസിക്കുന്നവർ ഇപ്പോൾ തന്നെ ഇതിന്റെ പ്രഭാവം അനുഭവിക്കുവാൻ തുടങ്ങിയിരിക്കുന്നു എന്നാണ്.

ആ മാറ്റങ്ങൾ വീണ്ടും ത്വരിതപ്പെടുന്നു എന്നത് സ്ഥിരീകരിക്കുക മാത്രമാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറയുന്നു. ഇത് ഹിമാലയൻ മേഖല ഉൾക്കൊള്ളുന്ന എല്ലാ രാജ്യങ്ങളേയും പ്രതികൂലമായി ബധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. ഈ പഠനത്തിനായി ലഘുമഞ്ഞുയുഗത്തിലെ 14,798 മഞ്ഞുപാളികളെ അവർ പുനർനിർമ്മിതി ചെയ്തിരുന്നു. പിന്നീട് ഉപഗ്രഹ ചിത്രങ്ങളുംഡിജിറ്റൽ ഇലവേഷനും വിലയിരുത്തിയായിരുന്നു ഇവർ നിഗമനത്തിൽ എത്തിയത്.

ലഘു മഞ്ഞുയുഗകാലത്തെ മഞ്ഞുപാളികളുടെ നഷ്ടവും ഇപ്പോഴത്തെ നഷ്ട്വും തമ്മിൽ താരതമ്യം ചെയ്തായിരുന്നു പഠനം. ഈ കാലയളവിൽ ഏകദേശം 40 ശതമാനത്തോളം മഞ്ഞുപാളികളാണ് നശിച്ചു പോയത്.അതിന്റെ ഫലമായി 140 ക്യൂബിക് കിലോമീറ്റർ മഞ്ഞാണ് ഉരുകിയൊലിച്ചത്. മദ്ധ്യയൂറോപ്പിലെ ആൽപ്സ്, കാക്കസസ്, സ്‌കാൻഡിനേവിയൻ പർവ്വത നിരകളിലുള്ള മഞ്ഞെല്ലാം ഒരുമിച്ചു ചേർത്താൽ വരുന്ന മഞ്ഞിന്റെ അളവാണിത്. അതുവഴി ഒഴുകിപ്പോയ ജലം ലോകമാകമാനമായി സമുദ്രത്തിൽ ജലനിരപ്പ് 0.92 മില്ലീ മീറ്ററിനും 1.38 മില്ലീ മീറ്ററിനും ഇടയിൽ ഉയർത്തി.
ട്
നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഹിമാലയത്തിന്റെ കിഴക്കൻ മേഖലയാണ് അതീവ വേഗതയിൽ നാശത്തെ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അതുപോലെ മഞ്ഞുപാളികൾ ജലാശയങ്ങൾക്കരികിൽ അവസാനിക്കുന്ന മേഖലകളിലും നാശം അതിവേഗം നടക്കുകയാണ്.