മിക്റോൺ വേരിയന്റിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കൂട്ടം നടപടികൾ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി അവസാനം വരെ ക്വാറന്റൈൻ രഹിത യാത്ര നീട്ടുന്നതും അതിർത്തി വീണ്ടും തുറക്കാനുള്ള തീരുമാനം നീട്ടിയതും അടക്കമുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയത്.

അടുത്ത വർഷം ജനുവരി 17 മുതൽ ഏഴ് ദിവസത്തെ ഹോം ഐസൊലേഷൻ മാത്രം മതി എന്ന തീരുമാനത്തോടെ ഓസ്ട്രേലിയയിൽ നിന്ന് വാക്സിനേഷൻ എടുത്ത കിവികൾക്ക് ആദ്യവും പിന്നീട് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ന്യൂസിലൻഡിൽ എത്താം എന്ന തീരുമാനത്തിലാണ് സർക്കാർ ഇന്ന് മാറ്റം വരുത്തിയത്. പുതിയ തീരുമാനപ്രകാരം MIQ ഇല്ലാതെ ന്യൂസിലൻഡിൽ എത്തുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി അവസാനം വരെ കാത്തിരിക്കേണ്ടി വരും.

ഓമിക്രോൺ വേരിയന്റിന്റെ വ്യാപനം തടയുന്നതിനുള്ള 'മുൻകരുതൽ നടപടിയുടെ' ഭാഗമായാണ് MIQ ഇല്ലാത്ത അന്താരാഷ്ട്ര യാത്ര വൈകിപ്പിക്കുന്നതെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് ഇന്ന് പ്രഖ്യാപിച്ചത്. തുടർന്ന് പുതിയ റൗണ്ട് MIQ റൂം റിലീസുകൾ മാറ്റി വച്ചു. അടുത്ത റിലീസ് ജനുവരി 6 ന് ആയിരിക്കും ഉണ്ടാവുക. ജനുവരി 17 മുതൽ ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് വരുവാൻ ബുക്ക് ചെയ്തവർക്ക്, കുറച്ച് MIQ സ്ഥലം ലഭ്യമാണെന്ന് ഉറപ്പാക്കുവാനാണ് MIQ-ലെ ഈ മാറ്റം.

കൂടാതെ യാത്രയ്ക്ക് മുമ്പുള്ള ടെസ്റ്റിങ് ആവശ്യകത 72 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ചുരുക്കി. MIQ സ്റ്റേയുടെ ദൈർഘ്യം ഏഴ് ദിവസം എന്നുള്ളത് 10 ദിവസമായി വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ അതിർത്തി തുറക്കൽ നടപടികൾ നീളുമെന്നായതോടെ എയർ ന്യൂസിലാൻഡ് 120 ഓളം വിമാനങ്ങൾ റദ്ദാക്കിയതായി അറിയിച്ചു.ഏകദേശം 27,000 ഉപഭോക്താക്കളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റദ്ദാക്കിയ മിക്ക സർവീസുകളും ടാസ്മാനിൽ ഉടനീളമുള്ളതാണ്.