ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദര്ശനത്തിനെത്തുന്നവർക്കു ഇനി ഗുരുവായൂർ കേശവന്റെ സാന്നിധ്യവും അടുത്തറിയാനാകും. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവുംവലിയ ആനപ്രതിമ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു കഴിഞ്ഞു. കേരളത്തിൽ കൊല്ലത്തുള്ള പ്രശസ്ത്നായ എം അഭിലാഷ് ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ഗജരാജന്റെ ശില്പി.

12.2 അടി ഉയരവും 15.4 അടി നീളവുമുള്ള ഗുരുവായൂർ കേശവൻ എന്ന് നാമകരണം ചെയ്യാനിരിക്കുന്ന ഈ ഗജരാജ ശിൽപ്പം ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് സമർപ്പിക്കാൻ മുൻ കേരള ഹിന്ദു സൊസൈറ്റി പ്രസിഡണ്ട്, മുൻ ഫൊക്കാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അമേരിക്കയിലെ തന്നെ ബഹുമുഖ വ്യക്തിത്വങ്ങളിൽ ഒന്നായ ശ്രി ജി കെ പിള്ളയാണ് പണികഴിപ്പിച്ചത്.

യഥാർത്ഥ ഗുരുവായൂർ കേശവന്റെ ഉയരം 10.6 അടി ആയിരുന്നു. നവംബർ അവസാനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ പരിശോധിച്ച് സർട്ടിഫൈ ചെയ്ത ശിൽപ്പം ജനുവരിയിൽ തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ചു കന്യാകുമാരി മുതൽ ഗുരുവായൂർ വരെയുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളും സന്ദർശിച്ചു സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗുരുവായൂരിലെത്തി നെറ്റിപ്പട്ടവും തിടമ്പും ചാർത്തിയ ശേഷമായിരിക്കും അമേരിക്കയിലേക്ക് യാത്രതിരിക്കുക. മാർച്ച് മധ്യത്തോടെ ഹ്യൂസ്റ്റനിൽ എത്തുന്ന കേശവനെ ഗുരുവായൂർ ക്ഷേത്രം അധികാരികൾക്ക് കൈമാറും.