- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് വ്യക്തിനിയമത്തിൽ ഉള്ള കൈകടത്തൽ; നിയമ പോരാട്ടത്തിന്റെ സാധ്യത പരിശോധിക്കും; കേരളത്തിൽ അക്രമ രാഷ്ട്രീയത്തെ ചെറുക്കുന്നതിൽ പൊലീസിന് വീഴ്ച വന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് വ്യക്തിനിയമത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ നഖശിഖാന്തം എതിർക്കാതെ തരമില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിഷയത്തിൽ മതേതര പാർട്ടികളുമായി യോജിച്ചും, സാമൂഹ്യ, സാംസ്‌കാരിക വേദികളിൽ പ്രചരണം നടത്തിയും രാഷ്ട്രീയമായി എതിർക്കാനാണ് ദേശീയ കമ്മിറ്റി യോഗം തീരുമാനിച്ചത്.
നിയമപോരാട്ടത്തിന്റെ സാധ്യതയും പരിശോധിക്കും. പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്നും 21 ആക്കുന്നത് പ്രായോഗിക വിഷമങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയുമുണ്ടാക്കും. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ യോജിച്ചാണ് മുന്നോട്ട് പോകുന്നത്. നേരത്തെ പൗരത്വ നിയമം നടപ്പിലാക്കുന്നതിൽ നിന്നും പിന്നോക്കം പോയത് പോലെ ഇതിലും സർക്കാരിന് പരാജയം നേരിടും. ഇത് മുസ്ലിംകളെ മാത്രമായി ബാധിക്കുന്ന വിഷയമല്ല.
മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ മേലുള്ള കടന്ന് കയറ്റമാണ്. ഒരു വിഭാഗം മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത് വിഭാഗീയതയുണ്ടാക്കാനാണ്. ഏത് നിയമം കൊണ്ടുവരുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബിജെപി. സർക്കാർ അതിന് ശ്രമിക്കാറുണ്ട്. ഇതിൽ വ്യക്തി നിയമത്തിന്റെ പ്രശ്‌നമുണ്ട്. ന്യൂനപക്ഷങ്ങളെുടെ അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണ്. മറ്റു സമുദായങ്ങൾക്കും നിയമം ബുദ്ധിമുട്ടുണ്ടാക്കും.
കേരളത്തിൽ തുടരെ വിഭാഗീയതയും വർഗീയതയും പ്രചരിപ്പിച്ച് അക്രമ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുന്ന സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി നടന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ മുൻകൂട്ടി കാണാനോ തടയാനോ പൊലീസിന് കഴിയുന്നില്ല ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വർഗീയതയും തീവ്രവാദവും ആയുധമെടുക്കലും രീതിയാക്കിയ സംഘടനകളെ സ്ഥാനത്തും അസ്ഥാനത്തും രാഷ്ട്രീയ ആവശ്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടുള്ള പ്രശ്‌നമാണ് ഇത്. മുസ്ലിംലീഗ് ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. കാലാകാലങ്ങളായി ഇത്തരം വിഷയങ്ങൾ വരുമ്പോൾ പാർട്ടി എതിർത്തിട്ടുണ്ട്. പ്രചരണം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വ്യത്യസ്തമായി നിലകൊണ്ടിരുന്നത് മുസ്്‌ലിംലീഗിന്റെ സാന്നിദ്ധ്യം കൊണ്ട് കൂടിയാണ്. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് പറയുമ്പോഴും മതേതരത്വം സൗഹൃദവും കാത്തുസൂക്ഷിച്ചാണ് മുസ്ലിംലീഗ് കാലാകാലങ്ങളായി പ്രവർത്തിച്ചുവരുന്നത്. മതേതരത്വം പ്രചരിപ്പിക്കുകയും മതവിശ്വാസങ്ങളും മറ്റ് അവകാശങ്ങളെ കുറിച്ചും ഉറക്കെ പറയുകയും ചെയ്യുന്നതാണ് പാർട്ടിയുടെ രീതി. വിഭായീത പടർത്തുന്ന സംഘടനകളെ മുസ്ലിംലീഗ് ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
അത്‌കൊണ്ടാണ് ബിജെപി ആർഎസ്എസ് ശക്തിപ്രാപിക്കാതിരുന്നതും, ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത്തരം സംഘടനകൾക്ക് സ്വാധീനമില്ലാതിരുന്നതും. രാഷ്ട്രീയ കൊലപാതകങ്ങൾ തടയിടാൻ പൊലീസ് നടപടി സ്വീകരിക്കണം. നാട്ടിൽ സമാധാനമുണ്ടാകാൻ പാർട്ടികളും ഒന്നിച്ചുനിൽക്കണം.
കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.ഡി.എഫ് എടുത്ത തീരുമാനത്തിനൊപ്പമാണ് മുസ്ലിംലീഗ് നിൽക്കുന്നത്. കെ റെയിൽ വിഷയങ്ങളിൽ ചർച്ച വേണം. പാരിസ്ഥിതിക ആഘാതം, ആളോഹരിയുണ്ടാകാൻ പോകുന്ന കടം, ഫീസിബിലിറ്റി എന്നിവയിൽ ചർച്ചകൾ വേണം. പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങളുടെ ഗൗരവം ആലോചിക്കാതെ തള്ളിക്കളയുന്ന രീതിയാണ് സർക്കാർ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ എടുത്ത തീരുമാനവും ആവശ്യമില്ലാത്ത നിയമമാണ്. എതിർപ്പുമായി തന്നെ മുസ്ലിംലീഗ് മുന്നോട്ട് പോകും. പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കും.