- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളർത്തു നായയ്ക്ക് അയൽക്കാരിയുടെ ഇരട്ടപ്പേര് ഇട്ടു; ഗുജറാത്തിൽ വീട്ടമ്മയെ നാട്ടുകാർ ചേർന്ന് തീകൊളുത്തി
ഗാന്ധിനഗർ: വളർത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നീതാബെൻ സർവൈയ എന്ന മുപ്പത്തഞ്ചുകാരിക്കു നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ നീതാബെന്നിനെ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതാബെൻ, തന്റെ വളർത്തുനായയ്ക്ക് സോനു എന്നു പേരിട്ടതിനേച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. നീതാബെന്നിന്റെ അയൽവാസി സുരാഭായ് ഭർവാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് 'സോനു' എന്നത്. ഇതിൽ പ്രകോപിതനായ സാരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണ സമയത്ത് നീതാബെന്നും ഇളയ മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവും മറ്റു രണ്ടുമക്കളും പുറത്തു പോയിരിക്കുകയായിരുന്നു. വീട്ടിൽ കടന്ന സാരാഭായിയും സംഘവും നായ്ക്കുട്ടിക്ക് സോനു എന്നു പേരിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചു. സാരാഭായി തന്നെ ചീത്തവിളിച്ചെന്നും താൻ വരെ അവഗണിക്കുകയാണ് ചെയ്തതെന്നും നീതാബെൻ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് അടുക്കളയിലേക്ക് പോയ നീതാബെന്നിനെ മൂന്നുപേർ പിന്തുടർന്നു. ശേഷം അവരിൽ ഒരാൾ കന്നാസിൽനിന്ന് മണ്ണെണ്ണ തന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നെന്നും നീതാബെൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ദേഹത്ത് തീപടർന്നതോടെ നീതാബെൻ ബഹളമുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. പുറത്തുപോയിരുന്ന നീതാബെന്നിന്റെ ഭർത്താവ് ഈ സമയം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇവരെല്ലാവരും ചേർന്ന് നീതാബെന്നിന്റെ ദേഹത്തെ തീയണയ്ക്കുകയായിരുന്നു. അതേസമയം, നീതാബെൻ നായയ്ക്ക് സോനു എന്നു പേരിട്ടത് മനഃപൂർവമാണെന്ന് സാരാഭായ് പൊലീസിനോടു പറഞ്ഞു.
നീതാബെന്നിന്റെ കുടുംബവും സാരാഭായിയുടെ കുടുംബവും തമ്മിൽ മുൻപ് ജലവിതരണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആ വിഷയം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ആറുപേർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.