ഹാരിസ് കൗണ്ടി: ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ആദ്യമായി ഓമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. വാക്സിനേറ്റ് ചെയ്യാത്ത 50 വയസ്സിനോടടുത്ത ഒരാളാണ് മരിച്ചതെന്നു ഡിസംബർ 20 തിങ്കളാഴ്ച വൈകിട്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചില കർശന നിയന്ത്രണങ്ങൾ സ്വീകരിക്കാൻ കൗണ്ടി നിർബന്ധിതമായിരിക്കുകയാണെന്നും ജഡ്ജി പറഞ്ഞു.

കോവിഡ് വ്യാപകമാകുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കോവിഡ് അലർട്ട് ലവൽ ഓറഞ്ചിലേക്ക് ഉയർത്തി. ഏറ്റവും ഉയർന്ന ലവൽ റഡിനു തൊട്ടുതാഴെയാണ് ഓറഞ്ച്. ഹാരിസ് കൗണ്ടിയിലെ എല്ലാ റസ്റ്ററന്റുകളും താൽക്കാലികമായി അടച്ചിടുമെന്നും ജഡ്ജ് പറഞ്ഞു. ഹൂസ്റ്റണിലെ പല വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്നതു സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി തുടങ്ങി.

ഓമിക്രോൺ അതിവേഗമാണു കൗണ്ടിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ വ്യാപന ശക്തി അതീവ ഗുരുതരമാണ്. മുമ്പുണ്ടായിരുന്ന ഓമിക്രോൺ എണ്ണത്തിൽ മൂന്നു ദിവസത്തിനകം രണ്ടും മൂന്നും ഇരട്ടിയാണ് വർധിച്ചിരിക്കുന്നത്.

അതേസമയം, ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിൽ പരിശോധിച്ച കേസ്സുകളിൽ 82 ശതമാനവും ഒമിക്രോണാണെന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതർ അറിയിച്ചു. ഓമിക്രോൺ വേരിയന്റ് അതിവേഗം അമേരിക്കയിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് സിഡിസിയുടെ റിപ്പോർട്ടിലും സൂചിപ്പിക്കുന്നു. വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കുക എന്നതു മാത്രമാണ് ഇതിനു ഏക പ്രതിവിധി എന്നും സിഡിസി പറയുന്നു