മുസ്ലിംകളുടെ ചരിത്രത്തെ മറച്ചുവെച്ചും വക്രീകരിച്ചും അവരെ അപരവൽകരച്ച് ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ വംശഹത്യ പദ്ധതിക്കെതിരെയുള്ള പ്രതിരോധം കൂടിയാണ് 'മാപ്പിള ഹാൽ' വെർച്ച്വൽ എക്‌സിബിഷൻ എന്ന് എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അഭിപ്രായപ്പെട്ടു. എസ്‌ഐ.ഒ കേരള ഒരുക്കിയ, മലബാർ സമരപോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന 'മാപ്പിള ഹാൽ' ഇന്ററാക്റ്റീവ് വെർച്ച്വൽ എക്‌സിബിഷനുമായി ബന്ധപ്പെട്ട് കാലിക്കറ്റ് ഹൗസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിച്ചമർത്തലിനും അപരവൽകരണത്തിനും ഇരയായിക്കൊണ്ടിരിക്കുന്ന സമൂഹങ്ങൾ തങ്ങളുടെ ചരിത്രത്തെ വിശദമായി കണ്ടെത്തുകയും രേഖപ്പെടുത്തുകയും അത് പറഞ്ഞു കൊണ്ടിരിക്കുകയും ആത്മാഭിമാനത്തോടെ അതിനെ ആഘോഷിക്കുകയും ചെയ്യുക എന്നത് അതിനിർണായകമായ രാഷ്ട്രീയ ഇടപെടലാണ്. ചരിത്രത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച മുഖ്യധാര- അധീശ വായനകളെയും കൊളോണിയൽ ആഖ്യാനങ്ങളെയും നിരന്തരം വിമർശന വിധേയമാക്കുകയും അവയെ അപനിർമ്മിക്കുകയും ചെയ്തുകൊണ്ട് മാത്രമേ വർത്തമാനകാലത്ത് അതിജീവനത്തിന്റെ വഴികൾ വെട്ടിതുറക്കാൻ സാധിക്കുകയുള്ളൂ. മലബാർ സമരത്തിന്റെ നൂറാം വാർഷിക പശ്ചാത്തലത്തിൽ, കേരളീയ മുസ്ലിം വൈജ്ഞാനിക-പോരാട്ട ചരിത്രത്തെ ഒരു ബദൽ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുക, അതിനെക്കുറിച്ചുള്ള ജ്ഞാനോൽപാദനം സാധ്യമാക്കുക, അതിനെ രാഷ്ട്രീയവും സാംസ്‌കാരികവുമായി ആഘോഷിക്കുക, മലബാർ സമര ചരിത്രത്തെ കുറിച്ച സമഗ്രമായ വിവരങ്ങൾ ജനകീയമായി തന്നെ എല്ലാവർക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ വെർച്വൽ എക്സിബിഷനിലൂടെ പ്രധാനമായും എസ്‌ഐ.ഒ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ അപ്ലിക്കേഷനിലാണ് വെർച്വൽ എക്‌സിബിഷൻ ലഭ്യമാവുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മലബാർ സമരത്തിന്റെ സമഗ്രമായ സർഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാൽ'. മലബാർ പോരാട്ടത്തിന്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്‌സിബിഷൻ. മലബാർ സമര ചരിത്രത്തിന്റെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന വീഡിയോ കണ്ടന്റുകൾ, പെയിന്റിങ്, കാലിഗ്രഫി , ഡിജിറ്റൽ ആർട്ട് , അപൂർവ്വ ചരിത്രരേഖകൾ, എക്‌സ്‌ക്ലൂസീവ് ഫോട്ടോകൾ, കേരളീയ മുസ്ലിം പോരാട്ട പാരമ്പര്യത്തിന്റെ നാൾവഴികൾ, മലബാർ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങൾ, ചരിത്ര രചനകൾ, സമര പോരാളികൾ, സംഭവവികാസങ്ങൾ,പോരാട്ട ഭൂമികൾ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് എക്‌സിബിഷൻ.

എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് സഈദ് ടി.കെ , വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, എക്‌സിബിഷൻ ഡയറക്ടറും സംസ്ഥാന സമിതിയംഗവുമായ നിയാസ് വേളം,എസ് ഐ ഒ കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്,എക്‌സിബിഷൻ ക്യൂറേറ്റർ ഷഹീൻ അബ്ദുള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.