ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ഉന്നത തല യോഗം ചേരും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. രാജ്യത്ത് ദിനം പ്രതി ഓമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

നിലവിൽ 213 പേർക്കാണ് രാജ്യത്ത് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. 15 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആദ്യം രോഗം സ്ഥിരീകരിച്ചവർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഓമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തേക്കും. ഓമിക്രോൺ വ്യാപനം തടയാൻ ആവശ്യമുള്ള മുൻകരുതൽ നടപടികളും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് വിവരം.

ഓമിക്രോൺ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുലർത്തുന്നത്. ഡെൽറ്റ വകഭേദത്തെക്കാളും മൂന്ന് മടങ്ങ് വേഗത്തിൽ പടരാൻ ശേഷിയുള്ളതാണ് ഓമിക്രോൺ വകഭേദം.