പാലക്കാട്: ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവറുടെ വീഡിയോ സഹിതം പരാതി നൽകി വീട്ടമ്മ. തൃശൂർ-പാലക്കാട് ദേശീയപാതയിലാണ് ബസിലുണ്ടായിരുന്ന 70ഓളം യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചാണ് വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ ചാറ്റ് ചെയ്തത്. ഡ്രൈവർ ചാറ്റിങ് ഏറെ നേരം തുടർന്നതോടെ മുൻനിരയിലിരുന്ന വീട്ടമ്മ നിയമലംഘനം വിഡിയോയിൽ പകർത്തുകയും പരാതി നൽകുകയുമായിരുന്നു.

ഏകദേശം അറുപത് കിലോമീറ്റർ വേഗത്തിലോടുന്ന വാഹനത്തിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി മൊബൈൽ ചാറ്റിൽ മുഴുകിയത്. വാഹനമോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുെട മുഴുവൻ ശ്രദ്ധയും മൊബൈലിലാണെന്ന് വിഡിയോയിൽ നിന്ന് മനസിലാകും. വേഗത കുറയ്ക്കാതെ തന്നെ മൊബൈലിൽ മറുപടി അയയ്ക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളോടെ യുവജന ക്ഷേമബോർഡ് അംഗം പരാതി നൽകിയതിന് പിന്നാലെ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു.

എഴുപതിലധികം യാത്രക്കാരുമായി തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവറുടെ പേരിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുക്കും. കൂടുതൽ സമയമല്ലെങ്കിലും സ്വകാര്യ ബസുകളിലെ ഡ്രൈവർമാരിൽ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.