ലണ്ടൻ: ബ്രിട്ടനിൽ താമസംതുടരാന്മ് കുടിയേറ്റക്കാർക്ക് വ്യാജ രേഖകൾ നൽകിയ ഒരു ബോളിവുഡ് ടാലന്റ് ഏജന്റ് ബ്രിട്ടനിൽ പിടിയിലായി. 53 വിദേശ വിദ്യാർത്ഥികൾക്ക് വ്യാജ സാലറി സ്ലിപ്പും ഇമിഗ്രേഷൻ സ്പോൺസർഷിപ്പ് രേഖകളും നൽകി തട്ടിപ്പു നടത്തിയതിനാണ് ഡേവിഡ് അസ്ലാം ചൗധരിയും അയാളുടെ അഞ്ച് കൂട്ടാളികളും പിടിയിലായത്.

തട്ടിപ്പിനെ കഠിനമായി അപലപിച്ച ഹോം സെക്രട്ടറി പ്രീതി പട്ടേൽ, അവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. ബോളിവുഡ് സിനിമകൾക്ക്, പിന്നണി പ്രവർത്തകരെ നൽകുന്ന പ്രധാന സ്ഥാപനമാണ് തന്റെ യു കെ ഫിലിം പ്രൊഡക്ഷൻസ് എന്ന കമ്പനി എന്നായിരുന്നു ചധരി അവകാശപ്പെട്ടിരുന്നത്.

എന്നാൽ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്, ഈ സ്ഥാപനം വെറുമൊരു തട്ടിക്കൂട്ട് സ്ഥാപനമാണെന്നായിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോ എന്ന സ്ഥലത്ത് ഒരു മേശയും രണ്ട് കസേരകളും മാത്രമുള്ള ചെറിയൊരു മുറിയായിരുന്നു ഈ ബോളിവുഡ് കമ്പനിയുടെ ആസ്ഥാനം.

സ്റ്റുഡന്റ്സ് വിസ കാലാവധി തീരാറായ വിദേശ വിദ്യാർത്ഥികൾക്ക് സിനിമ പ്രൊഡക്ഷൻ മേഖലയിൽ ഇല്ലാത്ത ജോലി ഉണ്ടെന്ന് തെളിയിക്കുവാൻ വ്യാജമായ സാലറി സ്ലിപ്പുകളും സ്പോൺസർഷിപ് രേഖകളൂം നൽകുകയായിരുന്നു ചൗധരിയും കൂട്ടാളികളും. പരസ്യം, സ്പെഷ്യൽ എഫക്റ്റ്സ് എന്നീ മേഖലകളിലായിരുന്നു ഇവർ ഇല്ലാത്ത ജോലി നൽകിയിരുന്നത്.

2013 മുതൽ 2015 വരെ നിർബാധം തട്ടിപ്പുനടത്തിയ സംഘത്തെ 2019-ൽ ആയിരുന്നു പിടികൂടുന്നത്. അന്നു മുതൽ ചൗധരിയും മറ്റ് അഞ്ചുപേരും വിചാരണ നേരിടുകയായിരുന്നു. ഇന്നലെ തെക്കൻ ലണ്ടനിലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയാണ് 51 കാരനായ ചധരിയും കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അനധികൃത കുടിയേറ്റത്തെ സഹായിച്ചു, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ മൂന്നോളം കുറ്റങ്ങൾക്കാണ് അയാളെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇയാളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെയും കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തുകയും അതിൽ സഹായിക്കുകയും ചെയ്തു എന്നതിലാണ് കുറ്റക്കാരായി കണ്ടെത്തിയത്. അതിൽ രണ്ടുപേർ, ഇത്തരത്തിലുള്ള വ്യാജരേഖകൾ ഉപയോഗിച്ച് ബ്രിട്ടനിൽ അനധികൃതമായി തുടരുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ആറുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇവർക്കുള്ള ശിക്ഷ വിധിക്കാനായി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചു.