- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നൽകണം; ഹൈക്കോടതി
കൊച്ചി: തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നൽകാൻ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി. തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണത്താൽ വിരമിച്ച ജീവനക്കാർക്കു ഗ്രാറ്റുവിറ്റി നിഷേധിക്കാനോ വൈകിക്കാനോ സാധിക്കില്ലെന്നു കോടതി പറഞ്ഞു. വൈകി നൽകിയ അപേക്ഷ അനുവദിച്ച് ഗ്രാറ്റുവിറ്റി വിതരണം ചെയ്യാൻ കോട്ടയത്തെ ഡപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടതിനെതിരെ നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
വിരമിക്കുന്നതോ പിരിച്ചു വിടുന്നതോ ആയ ജീവനക്കാരനു ഗ്രാറ്റുവിറ്റി നൽകണമെന്നു ഗ്രാറ്റുവിറ്റി നിയമത്തിലെ 7 (2) വകുപ്പനുസരിച്ച് വ്യവസ്ഥയുണ്ട്. അപേക്ഷിക്കാനുള്ള സമയപരിധി അതിനു ബാധകമല്ല. അപേക്ഷ ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി തിട്ടപ്പെടുത്തി നൽകാൻ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നുള്ള 'കേരള സംസ്ഥാന സഹകരണ ബാങ്ക് കേസി'ലെ വിധി കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ വൈകിയെന്നും മതിയായ കാരണമില്ലാതെ ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരി അതു വകവച്ചു നൽകിയെന്നും പറഞ്ഞ് ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി.
സാമ്പത്തിക സ്ഥിതി മോശമാണെന്നു കമ്പനി വാദിച്ചു. സ്ഥാപനത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ തൊഴിലാളികൾക്കു പ്രയോജനകരമായ ഒരു നിയമത്തിന്റെ ഘടന മാറ്റിമറിക്കാനാവില്ലെന്നു കോടതി പറഞ്ഞു. റിട്ട് അധികാരത്തിൽ ഇടപെടേണ്ടതില്ല. നിയന്ത്രണ അധികാരിയുടെ ഉത്തരവിൽ പരാതി ഉണ്ടെങ്കിൽ ചട്ടപ്രകാരം അപ്പീൽ അധികാരിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
കമ്പനിയിൽ നിന്ന് 2019 ൽ വിരമിച്ച ഏതാനും ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരിയായ ഡപ്യൂട്ടി ലേബർ കമ്മിഷണർക്കു പരാതി നൽകിയത്. അപേക്ഷ നൽകാൻ വൈകിയതു വകവച്ചു നൽകിക്കൊണ്ട് ഗ്രാറ്റുവിറ്റി തുക നൽകണമെന്ന് ഉത്തരവിട്ടതു ചോദ്യം ചെയ്താണു ഹർജി.