- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമല കാനനപാത വഴിയുള്ള തീർത്ഥാടനം മകരവിളക്കിന് യാഥാർത്ഥ്യമാകും; ഡിസംബർ 30-ഓടെ പാത സഞ്ചാരയോഗ്യമാക്കും
ശബരിമല: കരിമല കാനനപാത വഴിയുള്ള തീർത്ഥാടനം മകരവിളക്കിന് സാധ്യമാകും. എരുമേലിയിൽനിന്ന് പമ്പയിലെത്തുന്ന പരമ്പരാഗത കാനനപാത ഡിസംബർ 30-ഓടെ സഞ്ചാരയോഗ്യമാക്കും. പമ്പയിൽ നടന്ന അവലോകന യോഗത്തിനുശേഷം ബുധനാഴ്ച ശബരിമല എ.ഡി.എം. അർജുൻപാണ്ഡ്യന്റെ നേതൃത്വത്തിൽ വനംഉദ്യോഗസ്ഥർ, പമ്പ സ്‌പെഷ്യൽ ഓഫീസർ അജിത്ത് കുമാർ എന്നിവരടങ്ങിയ സംഘം കാനനപാതയിൽ പരിശോധന നടത്തി.
പമ്പയിൽനിന്ന് കാട്ടിലൂടെ ഒളിയമ്പുഴ വരെയാണ് സംഘം സഞ്ചരിച്ചത്. കരിമല വഴിയുള്ള സഞ്ചാരം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കാൻ വനംവകുപ്പിന് സമയം ആവശ്യമായിരുന്നു. കരിമലപാത തുറക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി എ.ഡി.എം. പറഞ്ഞു. അഴുത മുതലുള്ള 18 കിലോമീറ്റർ കൊടുംകാടാണ്. മുഴുവനായും പെരിയാർ വന്യജീവി സങ്കേതത്തിലൂടെയാണിത്. രണ്ടുവർഷമായി ആൾസഞ്ചാരമില്ലാത്തതിനാൽ ഇവിടെ ചെടികൾ നിറഞ്ഞ നിലയിലായിരുന്നു. ഇത് നീക്കിയിട്ടുണ്ട്. മരം കടപുഴകി മാർഗതടസ്സവുമുണ്ട്. ഈ ഭാഗത്ത് എട്ട് കേന്ദ്രങ്ങൾ ഒരുക്കാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്. ഇക്കോഡവലപ്പ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് കാനനപാത തെളിയിച്ചത്.
കഴിഞ്ഞദിവസം പ്രിൻസിപ്പൽ സെക്രട്ടറിയുയുടെ അധ്യക്ഷതയിൽ തിരുവനനന്തപുരത്ത് ചേർന്ന യോഗത്തിലാണ് 30-ഓടെ പാത സഞ്ചാരയോഗ്യമാക്കണമെന്ന് തീരുമാനിച്ചത്. 30-നാണ് വീണ്ടും ശബരിമലനട തുറക്കുന്നത്. 31 മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. എന്നാൽ, രാത്രി വൈകി തീർത്ഥാടകരെ കാട്ടിലൂടെ യാത്ര ചെയ്യാൻ അനുവദിക്കില്ല. അതിനാൽ രാത്രി തങ്ങുന്നതിനുള്ള ഇടത്താവളങ്ങൾ സജ്ജമാക്കണം. കടകളും ടോയ്ലെറ്റ് സൗകര്യങ്ങളും വേണം. അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളും ഒരുക്കണം. വഴിയിൽ അയ്യപ്പസേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. രണ്ടുകിലോമീറ്റർ ഇടവിട്ട് നിരീക്ഷണ കേന്ദ്രങ്ങളും.