മൂർഹെഡ് (മിനസോട്ട): ഹൊണ്ടൂറസിൽ നിന്നും അമേരിക്കയിലെ മൂർഹെഡിലേക്ക് (മിനസോട്ട) കുടിയേറിയ ഒരു കുടുംബത്തിലെ നാല് മുതിർന്നവരും, മൂന്നു കുട്ടികളും ഉൾപ്പടെ ഏഴുപേരെ താമസിച്ചിരുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഡിസംബർ 19-നു രാവിലെ വെൽഫെയർ ചെക്കിംഗിനെത്തിയ ഉദ്യോഗസ്ഥരാണ് വീട്ടിനകത്തുനിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡിസംബർ 20-നു ഹെർണാണ്ടസ് - പിന്റോ കുടുംബത്തിലെ മരിച്ച ഏഴുപേരുടേയും വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തി.

ബെലിൻ ഹെർണാണ്ടസ് (37), മാർലെനി പിന്റോ (34), ബെർലിൻ ഹെർണാണ്ടസ് (16), മൈക്ക് ഹെർണാണ്ടസ് (7), മാർബെലി ഹെർണാണ്ടസ് (5), എൽഡോർ ഹെർണാണ്ടസ് (32), മാരിയേല ഗുഡ്മാൻ പിന്റോ (19) എന്നിവരാണ് മരിച്ചത്.

വീട്ടിലേക്ക് ആരെങ്കിലും തള്ളിക്കയറിയതായോ, പരിക്കുകൾ ഉള്ളതായോ തെളിവുകൾ ഇല്ലെന്നും, മരണകാരണം ഓട്ടോപ്സിക്കുശേഷമേ വെളിപ്പെടുത്താനാവുകയുള്ളവെന്നും പൊലീസ് പറഞ്ഞു. ഗ്യാസ് ലീക്കോ, കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണോ മരണകാരണമെന്നു പറയാൻ അധികൃതർ വിസമ്മതിച്ചു.

മൃതദേഹങ്ങൾ ജന്മദേശമായ ഹുണ്ടൂറസിലേക്ക് കൊണ്ടുപോകുമെന്നു ബന്ധുക്കൾ പറഞ്ഞു. അതിനാവശ്യമായ ഫണ്ട് രൂപീകരിക്കുന്നതിനു ഗോ ഫണ്ട് മീ ആരംഭിച്ചിട്ടുണ്ട്. അമ്പതിനായിരം ഡോളറാണ് പ്രതീക്ഷിക്കുന്നത്.