മൂന്നാർ: അലവൻസ് കൈപ്പറ്റിയശേഷം യൂണിഫോം ധരിക്കാത്ത ഗ്രാമവികസനവകുപ്പിലെ ജീവനക്കാരിൽനിന്ന് സർക്കാർ അനുവദിച്ച തുക പലിശയടക്കം തിരികെ പിടിക്കും. 12 ശതമാനം പലിശയുൾപ്പെടെ തിരിച്ചുപിടിക്കാനാണ് ഉത്തരവ്. ബ്ലോക്ക് പ്രോജക്ട് ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, എ.ഡി.സി.ജനറൽ, എ.ഡി.സി. പെർഫോമൻസ് ഓഡിറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ, യൂണിഫോം അലവൻസ് കൈപ്പറ്റുന്ന ജീവനക്കാർക്കായാണ് ഉത്തരവ്.

ഉത്തരവുപ്രകാരം, അലവൻസ് കൈപ്പറ്റുന്ന മുഴുവൻ ജീവനക്കാരും നിർബന്ധമായി ഡ്യൂട്ടിസമയത്ത് യൂണിഫോം ധരിക്കണം. ധരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ച്, അലവൻസ് തുക 12 ശതമാനം പലിശ ഉൾപ്പെടെ തിരിച്ചുപിടിക്കണം. ഡ്യൂട്ടിസമയത്ത് യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് ജീവനക്കാർ സാക്ഷ്യപത്രം സമർപ്പിക്കണം.

ഉദ്യോഗസ്ഥർ യൂണിഫോം അലവൻസ് കൈപ്പറ്റിയ ശേഷം ജോലിസമയത്ത് ഇവ ധരിക്കാതെ എത്തുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് 2017-ൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, നാലുവർഷമായിട്ടും ഈ ഉത്തരവ് ഒരുവകുപ്പിലും നടപ്പാക്കിയിരുന്നില്ല.