ബ്രിട്ടനിൽ കോവിഡ് വ്യാപനം കനക്കുകയാണ് എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകിയാണ് ഇന്നലെ കടന്നുപോയത്. മഹാമാരിയുടേ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം പുതിയ രോഗികൾ ഉണ്ടായ ദിവസമായിരുന്നു ഇന്നലെ. 1,06,122 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൂടുതൽ കർശനമായ നടപടികളുമായി അംഗരാജ്യങ്ങൾ രംഗത്തെത്തി. ക്രിസ്ത്മസ്സിനു ശേഷം നിശാക്ലബ്ബുകളെല്ലാം അടച്ചുപൂട്ടാൻ വെയിൽസ് ഭരണകൂടം ഉത്തരവിട്ടു കഴിഞ്ഞു.

കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ കോവിഡ് വ്യാപനതോതിൽ ഉണ്ടായിരിക്കുന്നത് 52 ശതമാനത്തിന്റെ വർദ്ധനവാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇത് 70 ശതമാനത്തിനടുത്തായിരുന്നു. ഇക്കാര്യത്തിൽ കുറവുണ്ടായിട്ടുണ്ട് എന്നത് മാത്രമാണ് അല്പം ആശ്വാസം പകരുന്ന കാര്യം. സർക്കാർ ശാസ്ത്രോപദേശകർ പറയുന്നത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഓമിക്രോൺ വ്യാപനതോത് ഇരട്ടിക്കുന്നു എന്നാണ്. അത്, പ്രതിദിനം പത്തുലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ സംജാതമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനം പരിധി കടന്നതോടെയാണ് വെയിൽസ് കൂടുതൽ കടുത്ത നിയന്ത്രണങ്ങളുമായി എത്തിയത്. ബോക്സിങ് ഡേ മുതൽ നിശാക്ലബ്ബുകൾ എല്ലാംഅടച്ചുപൂട്ടും നവവത്സര പാർട്ടികൾ നിരോധിച്ചു. പാറുകളിലും പബ്ബുകളിലും പഴയ റൂൾ ഓഫ് സിക്സ് (ആറുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കിക്കൊണ്ടുള്ള നിയമം) പ്രാബല്യത്തിൽ വരും. 2 മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന നിയമം കൂടുതൽ പൊതുയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. അതുപോലെ ഹോസ്പിറ്റലിറ്റി സ്ഥാപനങ്ങളിൽ മേശകൾക്ക് ചുറ്റുമായി മാത്രം സേവനം പരിമിതപ്പെടുത്തും.

നോർത്തേൺ അയർലൻഡിലും ബോക്സിങ് ദിനം മുതൽ നിശാക്ലബ്ബുകൾ അടച്ചുപോൂട്ടും. സ്‌കോട്ട്ലാൻഡിലും ക്രിസ്ത്മസിനു ശേഷം കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് നേരത്തേ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, ഓമിക്രോൺ അത്ര അപകടകാരിയല്ലാത്തതിനാൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഇപ്പോൾ ആവശ്യമില്ല എന്ന നിലപാടാണ് ബോറിസ് ജോൺസനുള്ളത്. ക്രിസ്ത്മസ് വരെ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവുകയില്ലെന്ന് അദ്ദേഹം വ്യക്തമക്കിയിട്ടുണ്ട്.

അതേ സമയം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് മാത്രമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. വെറും അഞ്ച് ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടാകുന്നത്. അതേസമയം മരണനിരക്കിൽ, പ്രതിവാരാടിസ്ഥാനത്തിൽ 15 ശതമാനത്തിന്റെ കുറവുണ്ടായതും ആശ്വാസം പകരുന്ന കാര്യം തന്നെയാണ്. ഇത് ബ്രിട്ടനിലെ പൊതുവായ കാര്യമാണെങ്കിൽ, ഓമിക്രോൺ ഹോട്ട്സ്പോട്ടായ ലണ്ടനിലെ കാര്യം തുലോം വ്യത്യസ്തമാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയിൽ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഇവിടെ ഉണ്ടായിരിക്കുന്നത് 50 ശതമാനത്തിന്റെ വർദ്ധനവാണ്.

ലണ്ടൻ നഗരം രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളേക്കാൾ എതാനും ആഴ്‌ച്ചകൾ മുന്നിൽ സഞ്ചരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത് എന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ലണ്ടനിൽ സംഭവിക്കുന്നത് ഏതാനും ആഴ്‌ച്ചകൾക്കകം രാജ്യം മുഴുവനുമായി സംഭവിക്കും. ഈ ആശങ്ക ഉളവാക്കുന്നത് രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്ക് നീങ്ങുമോ എന്ന ഭയമാണ്. നിലവിൽ ലണ്ടനിലുള്ള നിരക്കിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ അത് എൻ എച്ച് എസിനെ തകർക്കുമെന്നതിൽ സംശയമൊന്നുമില്ല.

രാജ്യത്താകെ ഓമിക്രോൺ വ്യാപിക്കുന്നതിന് ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ ലണ്ടൻ ഓമിക്രോണിന്റെ എപ്പിസെന്ററായി മാറിയിരുന്നു. ഇപ്പോൾ അതിന്റെ വ്യാപനം മൂർദ്ധന്യഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നാണ് വിദഗ്ദരുടെ മതം. അങ്ങനെയെങ്കിൽ, ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ രാജ്യവ്യാപകമായി തന്നെ ഓമിക്രോൺ മൂർദ്ധന്യഘട്ടത്തിൽ എത്തിയാൽ, ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുതിച്ചുകയറ്റം ഉണ്ടാകുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.