സ്ത്രീത്വത്തിന്റെ ഏറ്റവും മഹത്തരമായ ഒരു കാര്യമായി ചൂണ്ടിക്കാണിക്കുന്നതാണ് ഗർഭധാരണത്തിനുള്ള കഴിവ്. സ്വന്തം ചോരയും ഭക്ഷണത്തിന്റെ പങ്കും നൽകി പത്തുമാസത്തോളം വയറിൽ ചുമന്ന് നടക്കുന്ന അമ്മയുടെ ആത്മനിർവൃതിയുടെ ബഹിഷ്‌കരണമാണ് ഓരോ പ്രസവവും എന്നാണ് കവികൾ പാടിയിരിക്കുന്നത്. എന്നാൽ, പാരമ്പര്യങ്ങളെ തച്ചുടയ്ക്കുന്ന കാര്യങ്ങൾ നടക്കുന്ന ഈ ലോകത്തിൽ, അമ്മയെന്ന പദത്തിനും അർത്ഥനഷ്ടം സംഭവിക്കുകയാണെന്ന് അടിവരയിട്ടു പറയുന്ന ഒരു സംഭവമാണ് ലോസ് ഏഞ്ചലസിൽ നടന്നത്.

തന്റെ മകനെ പ്രസവിച്ച ട്രാൻസ്ജെൻഡർ പുരുഷനെ ആശുപത്രി അധികൃതർ അമ്മ എന്ന് വിളിക്കുന്നതിന് എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുപക്ഷെ ലോകത്തിലാദ്യമായി സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഒരു അച്ഛൻ. 37 കാരനായ ബെന്നെറ്റ് കാസ്പർ-വില്യംസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ് താനൊരു ട്രാൻസ്ജെൻഡർ ആണെന്ന സത്യം തിരിച്ചറിയുന്നത്. 2011-ൽ ഇക്കാര്യം വെളിപ്പെട്ടുവെങ്കിലും പൂർണ്ണമായും ലിംഗം മാറുന്നത് പിന്നെയും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്.

പിന്നീട് 2017-ൽ അയാൾ തന്റെ ഭാവിവരനെ കണ്ടുമുട്ടുന്നു. മാലിക് എന്ന കാമുകനെ അയാൾ 2019-ലാണ് വിവാഹം കഴിക്കുന്നത്. കുട്ടികൾ വേണമെന്ന് അതിയായി ആഗ്രഹിച്ച ദമ്പതികൾ, അതിനായി ലഭ്യമായ സൗകര്യങ്ങളെല്ലാം പരിശോധിച്ചു. അതിനായി ആദ്യം ചെയ്യേണ്ടിയിരുന്നത് തന്റെ അണ്ഡാശയം പൂർണ്ണമായി പ്രവർത്തന സജ്ജമാക്കുവാനായി വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന ടെസ്റ്റോസ്റ്റെരോൺ ഹോർമോൺ ചികിത്സ നിർത്തുക എന്നതായിരുന്നു.

അധികം വൈകാതെ ബെന്നെറ്റിന് സ്വാഭാവികമായി ഗർഭധാരണം നടന്നു. 2020 ഒക്ടോബറിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ അയാൾ മകൻ ഹഡ്സണ് ജന്മം നൽകുകയും ചെയ്തു. ഹോർമോൺ ചികിത്സ ആരംഭിച്ച് രണ്ട് വർഷം കഴിഞ്ഞ് 2015ൽ ആയിരുന്നു ബെന്നെറ്റ് , 5000 ഡോളർ മുടക്കി മാറിടത്തിൽ ശസ്ത്രക്രിയ നടത്തിയത്. സ്ത്രീ മാറിടം ഉണ്ടായത് ആദ്യമാദ്യം അല്പം അസൗകര്യങ്ങളുണ്ടാക്കിയെങ്കിലും തനിക്ക് തന്റെ മാറിടങ്ങളോട് ഒരിക്കലും വെറുപ്പ് തോന്നിയിരുന്നില്ലെന്ന് അയാൾ പറയുന്നു.

സ്വന്തം കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്രയെളുപ്പം എടുത്ത ഒരു തീരുമാനമായിരുന്നില്ലെന്ന് ബെന്നെറ്റ് പറയുന്നു. തനിക്ക് ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ലിംഗചിന്തകൾ അകറ്റി നിർത്തി ഒരു തീരുമാനമെടുക്കാൻ ഏറെ ബുദ്ധിമുട്ടി എന്ന് അയാൾ പറയുന്നു. പിന്നീട് തന്റെ ശരീരത്തെ ലിംഗഭേദത്തിൽ വിഭജിച്ച് നിർത്തിയിരിക്കുന്ന ഒരു കൂട്ടം അവയവങ്ങളുടെ കൂട്ടമായി കാണാതെ ഒരു ഉപകരണം മാത്രമായി കാണാൻ പഠിച്ചപ്പോഴാണ് എനിക്ക് ഞാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം സൂക്ഷിക്കുവാനും അതോടൊപ്പം ഒരു കുഞ്ഞിന് ജന്മം നൽകാനും കഴിയുമെന്നവിശ്വാസമുണ്ടായതെന്നും അയാൾ പറയുന്നു.

ഒരു ഗർഭപാത്രവുമായി ജനിച്ചു എന്നതുകൊണ്ട് മാത്രം ഗർഭധാരണം സാധ്യമാകണമെന്നില്ല. അതുകൊണ്ട് തന്നെ തനിക്ക് ഗർഭമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല എന്നും അയാൾ പറയുന്നു. ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. ഇനിയെങ്കിലും സ്ത്രീത്വത്തെ ഗർഭധാരണവുമായി ബന്ധപ്പെടുത്തി നിർവ്വചിക്കുന്നത് നിർത്തണം എന്നും അയാൾ പറയുന്നു. അത് തെറ്റായ നിർവ്വചനമാണ്. എന്തുകൊണ്ടെന്നാൽ, എല്ലാ സ്ത്രീകൾക്കും ഗർഭധാരണം സാധ്യമല്ല, ഇപ്പോൾ പുരുഷനായ തനിക്ക് അത് സാദ്ധ്യമായിരിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളെ പ്രസവിക്കുന്നവരെ എല്ലാം അമ്മമാരെന്ന് പരാമർശിക്കുന്നത് തെറ്റാണെന്നും അയാൾ പറയുന്നു.

സ്ത്രീ അമ്മയാണ് എന്നത് ഒരു പ്രപഞ്ച സത്യമല്ലെന്ന് അയാൾ പറയുന്നു. മറ്റ് ചികിത്സകളൊന്നും കൂടാതെ സ്വാഭാവികമായി തന്നെയായിരുന്നു ബെന്നെറ്റ് ഗർഭം ധരിച്ചത് എന്നതും ശ്രദ്ധേയമാണ്. 2020 ഒക്ടോബറിൽ ഒരു സുന്ദരൻ കുഞ്ഞിന് ഇയാൾ ജന്മം നൽകുകയും ചെയ്തു. താടിയും മീശയുമായി ഒരു പുരുഷൻ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ അവിടെ തകരുന്നത് പല പാരമ്പര്യ ചിന്തകളാണെന്നും അയാൾ പറഞ്ഞു.