കൊവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയർന്നതോടെ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു.വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇരു സംസ്ഥാനത്തെ കെട്ടിടങ്ങൾക്കുള്ളിൽ മാസ്‌ക് നിർബന്ധമാക്കി. സ്വകാര്യ ഭവനങ്ങൾ ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കുള്ളിലും മാസ്‌ക് ബാധകമായിരിക്കും.

30,000 ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. എട്ടു വയസ്സും അതിന് മുകളിലുമുള്ള എല്ലാവർക്കും ഈ നിബന്ധന ബാധകമായിരിക്കും.

ഡിസംബർ 27 മുതൽ ഹോസ്പിറ്റാലിറ്റി വേദികളിൽ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന പരിധി നിലവിൽ വരും. Q-R ചെക്ക്-ഇൻ പരിമിതമായ രീതിയിൽ പുനഃസ്ഥാപിക്കും. നിബന്ധനകൾ ജനുവരി 27 വരെ പ്രാബല്യത്തിലുണ്ടാകും.

യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, അവധിക്കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യണമെന്നും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.