കോളേജുകൾക്കും സർവ്വകലാശാലകൾക്കുമുള്ള 3,000 യൂറോ രജിസ്‌ട്രേഷൻ ഫീസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. സർക്കാർ നിർദ്ദേശം നടപ്പിലായാൽ അയർലണ്ടിൽ ബിരുദ വിദ്യാഭ്യാസം സൗജന്യമായേക്കും. ഇതു സംബന്ധിച്ച ഉപസമിതിയുടെ റിപ്പോർട്ട് അടുത്ത മാസം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.

ബിരുദ വിദ്യാർത്ഥികളെ സഹായിക്കുന്നതടക്കമുള്ള വിവിധ പരിഷ്‌കരണ നടപടികൾ ജനുവരിയിൽത്തന്നെ ഉണ്ടായേക്കും.പരിഷ്‌കാരങ്ങളിൽ വിദ്യാർത്ഥി ഗ്രാന്റുകളുടെ ഒരു വലിയ വിപുലീകരണം ഉൾപ്പെടും, ഇത് കൂടുതൽ കുടുംബങ്ങൾക്ക് സൗജന്യ ഫീസിനും മെയിന്റനൻസ് ഗ്രാന്റിനും അർഹത നൽകും

2016ലെ കാസെൽസ് റിപ്പോർട്ടിൽ വിവരിച്ച ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫണ്ടിങ് ഓപ്ഷനുകളെക്കുറിച്ചുള്ള ഇയു അവലോകനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം നടക്കുന്നത്. സർക്കാർ നിക്ഷേപം കൊണ്ടുവന്ന് ഉന്നത വിദ്യാഭ്യാസ ധനസഹായം സുസ്ഥിരമാക്കുന്നതിനുള്ള പാക്കേജുകളാണ് കമ്മിറ്റി ചർച്ച ചെയ്യുന്നത്. കൂടുതൽ വിദ്യാർത്ഥികൾക്ക് കോളജ് ചെലവ് താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് എസ്.യു.എസ്‌ഐ ഗ്രാന്റ് സ്‌കീമിന്റെ പരിഷ്‌കരണവും പരിശോധിക്കുന്നുണ്ട്.

മൂന്ന് ഓപ്ഷനുകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഉയർന്ന ഫീസ് നൽകുന്നതിന് വിദ്യാർത്ഥി വായ്പ ലഭ്യമാക്കുകയെന്നതാണ് കാസെൽസ് മുന്നോട്ടുവെച്ച പ്രധാന ഓപ്ഷൻ.ഫീസ് മുൻകൂറായി അടയ്ക്കാതെ പഠിച്ചതിന് ശേഷം തിരിച്ചടയ്ക്കുന്നതിന് അവസരമൊരുക്കുന്നതാണ് ഈ നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളിക്കളഞ്ഞു.

സർക്കാർ നിക്ഷേപം വർധിപ്പിച്ചുകൊണ്ട് 3,000 യൂറോയുടെ വിദ്യാർത്ഥി സംഭാവന ഇല്ലാതാക്കുന്നതാണ് മറ്റൊരു ഓപ്ഷൻ. ഖജനാവിൽ നിന്നുള്ള ഫണ്ടിങ് കുറച്ച് വർദ്ധിപ്പിച്ചുകൊണ്ട് 3,000 യൂറോ തുടരുകയെന്നതാണ് മൂന്നാമത്തെ ഓപ്ഷൻ.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയർന്ന തോതിലാണ് അയർലണ്ടിലെ ബിരുദ വിദ്യാഭ്യാസച്ചെലവെന്ന വിമർശനം വിവിധ കേന്ദ്രങ്ങളിൽ നിന്നും നാളുകളായി ഉയരുന്നതാണ്.