തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അടിയുറച്ച നിലപാടിന്റെയും മാന്യമായ പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്നു പി.ടി തോമസ് എംഎ‍ൽഎയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗാഡ്ഗിൽ വിഷയത്തിൽ മത-രാഷ്ട്രീയ ലോബികൾ ഒത്തുചേർന്ന് ഇടുക്കി ജില്ലയെ സംഘർഷഭരിതമാക്കിയപ്പോൾ കേരളത്തിന്റെ ഭാവിയും പാരിസ്ഥിതിക സുരക്ഷയും മുന്നിൽ കണ്ട് ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി അദ്ദേഹം എടുത്ത നിലപാട് മാത്രം മതിയാകും പി.ടിയുടെ രാഷ്ട്രീയ സത്യസന്ധത മനസ്സിലാക്കാൻ. ഈ നിലപാട് മൂലം അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലോക്‌സഭാ സീറ്റ് പോലും നിഷേധിക്കപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ നിയമ നടപടികളിലേക്കും നിയമസഭയിലേക്കും എത്തിച്ചത് പി.ടി തോമസാണ്. ഇടുക്കി ജില്ലയിലെ കോർപറേറ്റുകളുടെ ഭൂമി കൈയേറ്റങ്ങൾക്കെതിരെ ജനങ്ങളോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുണ്ട് അദ്ദേഹം. കേരളത്തിൽ മുസ്‌ലം-ക്രൈസ്തവ സൗഹൃദത്തെ ഇല്ലാതാക്കാൻ സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന തരത്തിൽ നാർക്കോട്ടിക് ജിഹാദ് വിഷയം ചില കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവന്നപ്പോൾ നീതിയുടെയും മതതേരത്വത്തിന്റെയും പക്ഷത്താണ് അദ്ദേഹം നിന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുമിത്രാതികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും വെൽഫെയർ പാർട്ടിയും പങ്കുചേരുന്നു.