കൊച്ചി: കോട്ടൂരിലെ ആന ചികിത്സാ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങളുയർത്തി മൃഗസ്നേഹി സംഘടന നിയമപോരാട്ടത്തിൽ. സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവായി.

 കോട്ടൂരിൽ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞതിന് പിന്നാലെ മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതാണ് ആന ചരിയാൻ കാരണമെന്നായിരുന്നു ഇവരുടെ ആരോപണം. ഈ വിഷയം പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്കും എത്തി.

ഇനി ഒരാനയ്ക്കും നീലകണ്ഠന്റെ ഗതി ഉണ്ടാവരുതെന്നും ഇതിനായി ഉന്നത നിലവാരത്തിൽ ആനചികിത്സ കേന്ദ്രം ആരംഭിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കിഫ്ബിയിൽ പ്പെടുത്തി ഇത്തരത്തിൽ ചികത്സ കേന്ദ്രം കോട്ടൂരിൽ നിർമ്മി്ക്കുന്നുണ്ടെന്നും താമസിയാതെ നിർമ്മാണം പൂർത്തിയാവുമെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു.

കോട്ടൂർ ആന പരിപാലന കേന്ദ്രം നവീകരിച്ചാണ് 105 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന ചികിത്സ കേന്ദ്രം ഒരുക്കുന്നതെന്നും ഈ വർഷം മെയ് 31 ന് അകം പൂർത്തിയാകും എന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഇനിയും പൂർത്തിയായിട്ടില്ലന്നും നിർമ്മാണത്തിന്റെ പേരിൽ വൻവെട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ഇതെക്കുറിച്ച് ആന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്സ് ആണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

ആനകളെ നിർത്തി ചികിസിക്കാൻ സൗകര്യവും ഇല്ലാതെയാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും ഈ കെട്ടിടത്തിൽ ക്രെയിൻ സൗകര്യം പോലും ഇല്ലന്നും നിലവിൽ ഒരു പട്ടികുഞ്ഞിനെ ചികിൽസിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ലെന്നുമാണ് സംഘടന കോടതിയെ അറിയിച്ചിരിക്കുന്നത്.

തെളിവിനായി കെട്ടിടത്തിന്റെ ചിത്രങ്ങളും സംഘടന കോടതിയുടെ മുമ്പിൽ എത്തിച്ചിരുന്നു. തകരം കൊണ്ടുള്ള ഷീറ്റുകൾ ഉപയോഗിച്ചാണ് ഷെഡ് നിർമ്മിച്ചിട്ടുള്ളതെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതോടെ ഈ വിഷയത്തിൽ വിവശദമായ വിവരശേഖരണത്തിന് കോടതി നേരിട്ട് ഇടപെടുകയായിരുന്നെന്ന് സംഘടന ഭാരവാഹി ഏംഗൽ നായർ പറഞ്ഞു.

ഡിവിഷൻ ബഞ്ച് ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ പി ജി അജിത് കുമാർ എന്നിവർ അടങ്ങുന്ന ബഞ്ച് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥിനെ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി 3 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകുവാൻ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.