- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവതിയെയും നവജാത ശിശുവിനെയും വഴിയിൽ ഇറക്കി വിട്ട് ആംബുലൻസ് ഡ്രൈവർ; രാത്രി വഴിയിൽ കുടുങ്ങിയ യുവതിക്ക് രക്ഷകരായത് വനപാലകർ
സീതത്തോട്: ആദിവാസി യുവതിയെയും നവജാത ശിശുവിനെയും ആംബുലൻസ് ഡ്രൈവർ വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു ചികിത്സയ്ക്കു വിട്ട യുവതിയേയും കുഞ്ഞിനേയുമാണ് രാത്രി വനപ്രദേശത്ത് ഇറക്കി വിട്ടത്. സംഭവമറിഞ്ഞ് എത്തിയ വനപാലകർ ഇരുവരെയും പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചു.
ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ മീനയെയും (23) നവജാത ശിശുവിനെയുമാണ് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം ബുധനാഴ്ച രാത്രി 8ന് വനത്തിൽ ഇറക്കിവിട്ടത്. ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി കുടുംബം അധികൃതർക്കു പരാതി നൽകി. ഒരാഴ്ച മുൻപാണ് മീന കോട്ടയം മെഡിക്കൽ കോളേജിൽ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇവിടെ നിന്നും തുടർ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു ആംബുലൻസിൽ അയച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ ഇവർക്കൊപ്പം ചികിത്സയിലായിരുന്ന പ്ലാപ്പള്ളി വനത്തിൽ താമസിക്കുന്ന മറ്റൊരു യുവതിയും ബുധനാഴ്ച ഡിസ്ചാർജ് ആയിരുന്നു. മീന പോകുന്ന ആംബുലൻസിലാണ് ഇവരെയും അയച്ചത്. ആംബുലൻസ് ഡ്രൈവർ ഇരുവരുമായി മുക്കൂട്ടുതറ വഴി രാത്രി പ്ലാപ്പള്ളിയിൽ എത്തി. മീനയ്‌ക്കൊപ്പം ഉണ്ടായിരുന്ന യുവതി പ്ലാപ്പള്ളിയിൽ ഇറങ്ങി. പ്ലാപ്പള്ളി നിന്നു പത്തനംതിട്ടയിലേക്കു പോകുന്ന റൂട്ടിൽ കാട്ടാന ഉള്ളതിനാൽ രാത്രി പോകാൻ കഴിയില്ലെന്നും പ്ലാപ്പള്ളിയിൽ ഇറങ്ങാനും ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി മീന പറയുന്നു. തുടർന്ന് ആ രാത്രിയിൽ മീന നവജാതശിശുവുമായി പ്ലാപ്പള്ളിയിൽ ഇറങ്ങുകയായിരുന്നു.
വാഹനം ഇല്ലാതെ ഇരുവരും വഴിയിൽ കുടുങ്ങിയ വിവരം അറിഞ്ഞ പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകർ ഇരുവരെയും ളാഹ മഞ്ഞത്തോട്ടിൽ എത്തിച്ചു. തുടർന്ന് റാന്നി റേഞ്ച് ഓഫിസർ ഇടപെട്ട് ഇവിടെ നിന്നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിൽ രാത്രി തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.