കഴക്കൂട്ടം: മാതാപിതാക്കളെ യാത്രയാക്കാൻ മകളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ ജവാൻ, നീങ്ങിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽ വീണുമരിച്ചു. വ്യാഴാഴ്ച രാവിലെ 6.30-ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്‌പ്രസിൽനിന്നു വീണായിരുന്നു അപകടം. എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ അജേഷ്(36) ആണ് മരിച്ചത്.

തുമ്പ വി എസ്.എസ്.സി.യിലെ സിഐ.എസ്.എഫ്. കോൺസ്റ്റബിളായിരുന്നു അജേഷ്്. നാട്ടിലുള്ള മാതാപിതാക്കൾ അജേഷിന്റെ തുമ്പയിലുള്ള ക്വാർട്ടേഴ്‌സിൽ കഴിഞ്ഞദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകൾ ഹൃദ്യയും ചേർന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. തീവണ്ടിയിൽ അച്ഛനമ്മമാരെ ഇരുത്തിയതിനുശേഷം അജേഷ് ബാഗുകൾ കയറ്റുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോൾ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന മകളുടെ മുന്നിൽവെച്ച് അജേഷ് കാൽവഴുതി തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽ വീഴുകയായിരുന്നു.

അടുത്തുണ്ടായിരുന്നവർ ഉടൻ വണ്ടി നിർത്തിച്ച്, അജേഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വി എസ്.എസ്.സി.യിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ആര്യയാണ് അജേഷിന്റെ ഭാര്യ.