- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
32 വർഷം തുടർച്ചയായി വാർത്ത വായിച്ച ജോൺ സ്നോ കണ്ണീരോടെ പടിയിറങ്ങി; മലയാളികൾ അടക്കം വാർത്ത കേൾക്കുന്നവർക്കെല്ലാം സുപരിചിതമായ മുഖത്തിന് 74-ാം വയസ്സിൽ റിട്ടയർമെന്റ്
ചിലരങ്ങനെയാണ്, വിദൂരങ്ങളിൽ ഇരുന്നും മറ്റുള്ളവരുടെ മനസ്സിൽ ഒരിക്കലും നഷ്ടപ്പെടാത്ത സ്ഥാനം വെട്ടിപ്പിടിക്കും. പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന ഒരൊറ്റ വാചകം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ, ഒരു തലമുറയുടെ മുഴുവൻ ഗൃഹാതുരത്വമായി ജീവിക്കുന്ന ആകാശവാണിയിലെ രാമചന്ദ്രൻ എന്ന വാർത്താ വായനക്കാരൻ ഇതിന് നല്ലൊരു ഉദാഹരണമായി നമുക്കിടയിലുണ്ട്. അതുപോലെ മറ്റൊരു വാർത്താ വായനക്കാരനും കൂടി പ്രേക്ഷകരുടെ മനസ്സിൽ ചെറിയൊരു നൊമ്പരം സൃഷ്ടിച്ച് വിശ്രമജീവിതത്തിലേക്ക് യാത്രയാവുകയാണ്.
കഴിഞ്ഞ 32 വർഷമായി ചാനൽ 4 -ലെ വാർത്താ വായനക്കാരനായിരുന്ന ജോൺ സ്നോ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ എന്തെന്നറിയാത്ത നഷ്ടബോധം അനുഭവിക്കുന്ന ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരിൽ മലയാളികളുമുണ്ട്. ചാനൽ 4 ന്റെ ചരിത്രത്തിൽ തന്നെ ഒരു പരിപാടി ഇത്രയും ദീർഘനാൾ അവതരിപ്പിച്ച ഈ പത്രപ്രവർത്തകൻ തന്റെ 74-)0 വയസ്സിലാണ് വാർത്താ വായനയിൽ നിന്നും വിരമിക്കുന്നത്. തുടർന്നും അദ്ദേഹം ചാനൽ-4 മായി ചില പ്രൊജക്ടുകളിൽ സഹകരിക്കുമെങ്കിലും കൂടുതൽ സമയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 15 മിനിറ്റ് നീണ്ടുനിന്ന തന്റെ അവസാനത്തെ വാർത്ത എപ്പിസോഡ് അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ഓരോ ദിവസവും ചാനൽ-4 പ്രേക്ഷകരിലേക്ക് വാർത്തകൾ എത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന സാങ്കേതിക വിദഗ്ദരും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയും ഇല്ലെങ്കിൽ താൻ ഒന്നുമല്ല എന്നായിരുന്നു. അത്രയും സമർത്ഥരായ ഒരു കൂട്ടം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നും അദ്ദേഹം പറഞ്ഞു.
തന്നെയും, താൻ അവതരിപ്പിച്ച വാർത്തകളേയും പൂർണ്ണമായും വിശ്വസിച്ച് പിന്തുണയേകിയ പ്രേക്ഷകർക്കും അദ്ദേഹം നിറകണ്ണുകളോടെ കൃതജ്ഞത രേഖപ്പെടുത്തി. വീടുകളിലെ സ്വീകരണ മുറിയിൽ തനിക്കായി ഇടമൊരുക്കിയവർ ഇനിയും അവരുടെ മനസ്സുകളിൽ തനിക്കായി സ്ഥലമൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരുടെ വാർത്തകൾ അറിയുവാനുള്ള ആഗ്രഹം, വ്യത്യസ്തമായ കാര്യങ്ങൾ കേൾക്കുവാനുള്ള താത്പര്യം എന്നിവയൊക്കെയാണ് തനിക്ക് ഊർജ്ജം പകർന്ന് ഇത്രയും നാൾ മുൻപോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിറഞ്ഞ കൈയടികൾക്ക് നടുവിലൂടെ ചാനൽ 4 ന്റെ പുറത്തേക്കുള്ള വാതിലിലേക്ക് നടന്നടുക്കുന്ന സ്നോവിനെയായിരുന്നു പിന്നീട് കാമറ പിന്തുടർന്നത്. ചാനലിനു പുറകിലെ ചാലകശക്തിയായിരുന്നു ജോൺ സ്നൊ എന്നായിരുന്നു ചാനൽ അധികൃതർ പറഞ്ഞത്. നൈതികത ഒരിക്കലും കൈവിടാത്ത അദ്ദേഹം പലർക്കും ഒരു പ്രചോദനവുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. പ്രിയ ജോൺ, നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങളെല്ലാവരും അതിയായി സന്തോഷിക്കുന്നു. എന്നെഴുതിക്കാണിച്ചുകൊണ്ടായിരുന്നു ഇന്നലത്തെ ഷോ അവസാനിച്ചത്.
ഇതിനിടയിൽ ജോൺ സ്നോ വായിച്ച പ്രധാനപ്പെട്ട വാർത്തകളുടെ ക്ലിപ്പിംഗുകളും കാണിച്ചിരുന്നു. കൊളംബിയയിൽ നിന്നും, സ്‌കോട്ട്ലാൻഡിൽ നിന്നും, ജപ്പാനിൽ നിന്നുമൊക്കെയുള്ള വാർത്തകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതുപോലെ നെൽസൺ മണ്ടേല, മാർഗരറ്റ് താച്ചർ, ഹിലാരി ക്ലിന്റൺ തുടങ്ങി ലോകത്തിലെ പല പ്രമുഖരുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങളുടെ ക്ലിപ്പിംഗുകളും കാണിച്ചു.
ഒരു വിവരദായകൻ എന്നതാണ് തന്റെ പങ്ക് എന്നുപറഞ്ഞ അദ്ദേഹം അതുകൊണ്ടു തന്നെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ആളുകളെ ചോദ്യം ചെയ്യുന്നത് തനിക്ക് ഏറെ താത്പര്യമുള്ള കാര്യമാണെന്നും പറഞ്ഞു. കണ്ണുകൾ തുറന്നു പിടിക്കുക, കാത് കൂർപ്പിച്ചു വയ്ക്കുക, അതുപോലെ നിങ്ങളുടെ വികാരങ്ങളെ ഉണർത്തി നിർത്തുക. എവിടെയെങ്കിലും എന്തെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചാൽ അതിനെ ഉപയോഗിക്കുക, ഇതായിരുന്നു വളർന്ന് വരുന്ന മാധ്യമപ്രവർത്തകർക്കായി ജോ സ്നോവിന് നൽകാനുണ്ടായിരുന്ന സന്ദേശം.