കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ഇനി മുതൽ പൂർണ്ണമായും സിസിടിവി നിരീക്ഷണത്തിൽ. ആശുപത്രിയിൽ എത്തുന്നവരെ കൊള്ളയടിക്കുന്നു എന്നടക്കമുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് പരിസരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യഘട്ടത്തിൽ ഏഴ് നൈറ്റ് വിഷൻ ക്യാമറകളാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആസൂത്രണം ചെയ്ത പദ്ധതി കോവിഡ് പശ്ചാത്തലത്തിലാണ് നീണ്ടുപോയത്.

ദേവഗിരി കോളേജ് റോഡ്, മാവൂർ റോഡ്, കാരന്തൂർ റോഡ് തുടങ്ങി ഏഴുസ്ഥലങ്ങളിലാണ് ക്യാമറയുള്ളത്. കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ കൂട്ടായ്മയിലാണ് പദ്ധതി. ഇവരുടെ സഹകരണത്തോടെ അടുത്ത ഘട്ടത്തിൽ ഏഴ് ക്യാമറകൂടി സ്ഥാപിക്കും.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ സംവിധാനത്തിലൂടെ 24 മണിക്കൂറും പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുംമെഡിക്കൽ കോളേജ് പരിസരത്ത് മയക്കുമരുന്നും കവർച്ചയും വാഹനമോഷണവും പതിവാകുന്ന സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പേരുവിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ് ഉൾപ്പടെ നിരവധി പരാതികളാണ് മേഖലയിൽ നിന്നുയരുന്നത്. സിസിടിവികൾ സ്ഥാപിച്ചതോടെ ഇനി രാപകൽ വ്യത്യാസമില്ലാതെ ആശുപത്രിയിലും പരിസരത്തുമെത്തുന്നവരുടെ ചെറിയ നീക്കങ്ങൾ വരെ വ്യക്തമായി മെഡിക്കൽ കോളേജ് സ്റ്റേഷനിലിരുന്ന് പൊലീസിന് കാണാം. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം പദ്ധതി വ്യാപിപ്പിക്കുമെന്നു പദ്ധതി ഉദ്ഘാടനം ചെയ്ത് ജില്ലാ പൊലീസ് മേധാവി എ വി ജോർജ് പറഞ്ഞു.