തിരുവനന്തപുരം: പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതി ലഭിക്കാതെയും കെ-റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന ധൃതി ദുരൂഹമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്‌ബുക്കിലൂടെയാണ് സതീശൻ വിമർശനം ഉന്നയിച്ചത്.

നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിന് ഹൈക്കോടതിയും ഇപ്പോൾ താക്കീത് നൽകിയിരിക്കുകയാണ്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സർക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോൾ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതേ സമയം കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഏതു പുതിയ പരിഷ്‌കാരം വന്നാലും ചിലർ എതിർക്കുമെന്ന് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ഉദാഹരണമാക്കി മുഖ്യമന്ത്രി പറഞ്ഞു. എതിർപ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസ് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരമാർശം. ഗെയിൽ പൈപ്പ് ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഇതിന് ഉദാഹരണമാണ്. ശാസ്ത്രീയമായി പഠിച്ച് എതിർക്കുന്നവരെ കാര്യങ്ങൾ മനസ്സിലാക്കും. എതിർക്കുന്നവർക്കുപോലും പിന്നീട് പദ്ധതികളുടെ ഗുണഫലം കിട്ടുന്നുണ്ടെന്നും അവർ പദ്ധതികൾക്ക് ഒപ്പം നിൽക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.