ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ വിദ്യാർത്ഥികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. രാമനാഥപുരത്തെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാർത്ഥിനികളാണ് അദ്ധ്യാപകനെതിരേ പരാതി നൽകിയത്.

ശിശുക്ഷേമ വകുപ്പ് സ്‌കൂളിൽ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് അദ്ധ്യാപകന്റെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പതിനഞ്ചോളം വിദ്യാർത്ഥിനികൾ അദ്ധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

ഗണിതം, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരായ രണ്ടു പേർക്കെതിരെയാണ് വിദ്യാർത്ഥിനികൾ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോൾ ദ്വയാർഥ പരാമർശം നടത്തുന്നു, അനുചിതമായി ശരീരത്തിൽ സ്പർശിക്കുന്നു, സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ഫോണിൽ വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുട്ടികൾ ഉന്നയിച്ചത്.

വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനെയാണ് പൊലീസ് ഞായറാഴ്ച പിടികൂടിയത്. രണ്ടാമത്തെ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ തുടരുകയാണ്.