ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലയാളികൾ സംസ്ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പൊലീസിനാണെന്നും കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.

ഗുണ്ടാ സംഘങ്ങൾ വിഹരിക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയമാണ്. ഇത്രയും കഴിവുകെട്ട പൊലീസ് സംവിധാനം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. പ്രതികൾ കേരളം വിട്ടുവെന്ന് എഡിജിപി തന്നെ പറയുന്നു. ആദ്യ കൊലപാതകത്തിനു ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം തടയാൻ സാധിക്കുമായിരുന്നു ചെന്നിത്തല പറഞ്ഞു.

കൊലയാളികൾ സംസ്ഥാനം വിട്ടെന്നും പൊലീസ് അവർക്കു പിന്നാലെ പോയിട്ടുണ്ടെന്നും എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവങ്ങൾക്കു പിന്നിൽ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട്. അത് ഒരാളല്ല. പങ്കുള്ളവരെയെല്ലാം പ്രതിപ്പട്ടികയിൽ ചേർക്കുമെന്നും എഡിജിപി പറഞ്ഞു.

പ്രതികൾ ഡിജിറ്റൽ തെളിവുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലാത്തതിനാൽ അവരെ കണ്ടെത്തുന്നതു ശ്രമകരമാണെന്നാണ് പൊലീസ് വിശദീകരണം. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് രണ്ടു കേസിലെയും പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു.