തിരുവനന്തപുരം: 2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനമായാലും, ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ ഉപഭോക്താക്കൾ നിരവധി ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. അവയ്‌ക്കെതിരെ ഉപഭോക്തൃ നിയമത്തിൽ ഉപഭോക്താവിന് പരിരക്ഷ ഉറപ്പു നൽകുന്നുമുണ്ട്. എന്നാൽ ജനങ്ങൾ ഉപഭോക്തൃനിയമത്തിൽ അറിവു് നേടേണ്ടതാണെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ ഉപഭോക്തൃസംരക്ഷണ നിയമം നടപ്പിലായതോടെ കേരളത്തെ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമായി മാറ്റിയെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും, അതോടൊപ്പം പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങൾ വാങ്ങിയും അമിത ഉപഭോഗം നിയന്ത്രിച്ചും ഭക്ഷണസാധനങ്ങൾ പാഴാക്കാതെയും ഉപഭോക്താക്കൾ തങ്ങളുടെ കടമ നിർവ്വഹിക്കണമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഉപഭോക്തൃദിന സന്ദേശത്തിൽ യോഗത്തെ അറിയിച്ചു.

2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 20/07/2020ൽ നിലവിൽ വന്നു. പുതിയ നിയമത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നിരവധി വ്യവസ്ഥകൾ ഉണ്ട്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ നിയമം യഥാവിഥി നടപ്പിലാക്കുന്നതിന് തടസ്സമായിട്ടുണ്ട്.

സംസ്ഥാനത്ത് ജില്ലാ കൺസ്യൂമർ കോടതികളിൽ ആകെ തീർപ്പാക്കാനുള്ള കേസുകൾ 30,000 ആണ്. ഒരു ജില്ലയിൽ ശരാശരി 750 കേസുകൾ ഫയൽ ചെയ്യുന്നുണ്ട്. ശരാശരി തീർപ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണെന്നും മന്ത്രി അറിയിച്ചു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉപഭോക്തൃകാര്യ വകുപ്പിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ മുന്നോടിയായി ഉപഭോക്തൃകാര്യവകുപ്പിനെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനോട് ചേർത്തുകൊണ്ട് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പേരു മാറ്റുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പു ഡയറക്ടർക്കു തന്നെ ഉപഭോക്തൃകാര്യ വകുപ്പിന്റേയും ചുമതല നൽകുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടർ തസ്തികയുടെ പേര് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ എന്ന് പുനർ നാമകരണം ചെയ്യുന്നതിനുമുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വകുപ്പിന് പുതിയ ഡയറക്ടറേറ്റ് മന്ദിരം പണിയുമ്പോൾ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡയറക്ടറേറ്റിൽ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ അവിടെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് കേന്ദ്ര നിയമത്തിന് അനുസൃതമായി ആവശ്യമായ പരിഷ്‌ക്കാരം വരുത്തി ഉപഭോക്തൃകാര്യ വകുപ്പിനെ കൂടുതൽ ജനോപകാരപ്രദമാക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിച്ചു. സിനിമാതാരം ശ്രീ. മധുപാൽ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ വച്ച് നവീകരിച്ച ഉപഭോക്തൃ ബോധവത്ക്കരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. കൂടാതെ ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും നടന്നു. ഓൺ ലൈൻ ക്വിസ് മത്സരം, ചിത്ര രചന, ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ ശ്രീ.കെ.വി.മോഹൻകുമാർ, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ശ്രീ.പി.വി. ജയരാജൻ, അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.ടിക്കാറാം മീണ ഐ.എ.എസ്., ഡോ.വി.സജിത് ബാബു ഐ.എ.എസ്. എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.