- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജിത്ത് വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായതു കൊല്ലങ്കോട് സ്വദേശി ഷാജഹാൻ; എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാലു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
പാലക്കാട്: ആർഎസ്എസ് പ്രവർത്തൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ഷാജഹാനടക്കം അഞ്ചുപേരാണ് കേസിൽ ഇത് വരെ പിടിയിലായത്. കേസിൽ മറ്റ് നാല് പേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കൊലയാളി സംഘത്തിന് ആയുധം നൽകിയ ഒരാളെ കൂടി ഉടൻ അറസ്റ്റ് ചെയ്യും.
കൊഴിഞ്ഞാമ്പാറ സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം മൗലവി, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇവർ നാല് പേരും എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത് നസീറാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നൽകിയതിന് പുറമേ ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കാറിന്റെ വ്യാജ നമ്പർ പ്ലെയിറ്റൊരുക്കിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തു. പൊലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീർ ഒളിവിൽ പോയി. ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് പേരാണ് ഇത് വരെ പിടിയിലായിരിക്കുന്നത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ മാസം 15നു രാവിലെ ഒൻപതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.
മൊബൈൽ ഫോൺ തെളിവുകൾ പോലും ഇല്ലാതിരുന്ന സംഭവത്തിൽ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കൃത്യത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞ കാർ വഴിയിൽ കേടായി. വാഹനം നന്നാക്കാൻ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പർ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ